ശരീരഭാരം കുറയ്‌ക്കാൻ പാടുപെടുന്നവരാണ് മിക്കവരും. ആഹാരം ഒഴിവാക്കി പഴങ്ങളിലേക്ക് തിരിയുന്ന പതിവാണ് മിക്കവരും പിന്തുടരുന്നത്. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ ഗുണത്തിന് പകരം ദോഷം ചെയ്യുമെന്ന് ഓർക്കണം. പോഷകസമ്പന്നമാണെങ്കിലും കലോറി കൂടുതലുള്ള പഴങ്ങളുമുണ്ട്. ഉയർന്ന പഞ്ചസാരയുടെ അളവും കലോറിയും കാരണം ഇവ ഉയർന്ന അളവിൽ കഴിക്കുന്നത് ഭാരം വർദ്ധിക്കുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ കലോറി കുറഞ്ഞ, ഫെബർ കൂടുതലടങ്ങിയ പഴങ്ങൾക്കൊപ്പം ഇവ കഴിക്കുന്നതാകും മെച്ചം.
മാമ്പഴമാണ് പട്ടിയിൽ ആദ്യത്തേത്. 100 ഗ്രാം മാമ്പഴത്തിൽ 60 കലോറിയാണ് അടങ്ങിയിട്ടുള്ളത്. പ്രകൃതിദത്ത പഞ്ചസാരയുടെ പ്രധാന ഉറവിടമാണ് മാമ്പഴം. അമിതമായി കഴിക്കുന്നതോ ഇടവിട്ട് കഴിക്കുന്നതോ ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് നന്നല്ല. 100 ഗ്രാം ഏത്തപ്പഴത്തിൽ ഏകദേശം 89 കലോറിയാണ് അടങ്ങിയിട്ടുള്ളത്. കലോറിക്കൊപ്പം തന്നെ പഞ്ചസാരയും ഏറെ അടങ്ങിയിട്ടുണ്ട്. കസ്റ്റാർഡ് ആപ്പിളിലിൽ 94 കലോറിയാണുള്ളത്. പഞ്ചസാരയുമേറെ അടങ്ങിയിട്ടുള്ളതിനാൽ സ്വിച്ചിട്ടത് പോലെ വണ്ണം കൂടുമെന്ന് തീർച്ച.
100 ഗ്രാം മുന്തിരിയിൽ ഏകദേശം 67 കലോറി അടങ്ങിയിട്ടുണ്ട്. ചക്കയിലാണെങ്കിൽ 95 കലോറിയടങ്ങിയിട്ടുണ്ട്. കാർബോ ഹൈഡ്രേറ്റും കലോറിയും ഒരുപോലെ കൂടുതലാണ് ചക്കയിൽ. മാതള നാരങ്ങയിലും കലോറി കൂടുതലാണ്. കുരു കഴിക്കുന്നതിന് പകരം ജ്യൂസാക്കിയാണ് കുടിക്കുന്നതെങ്കിൽ പെട്ടെന്ന് ശരീരഭാരം കൂടാൻ കാരണമാകും.
ലിച്ചി പഴവും കണ്ണടച്ച് കഴിക്കരുത്. നാരുകൾ കുറവും മധുരം കൂടുതലുമാണ് ലിച്ചിയിൽ. അതിനാൽ തന്നെ ശരീരഭാരം വർദ്ധിക്കാൻ ഇത് കാരണമാകും. അമിതമായി മധുരം അടങ്ങിയിരിക്കുന്ന പൈനാപ്പിൾ, ഈന്തപ്പഴം എന്നിവയും കഴിക്കുന്നത് നിയന്ത്രിക്കേണ്ടതാണ്.