കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയിൽ 3000 മീറ്റർ നടത്തത്തിൽ സ്വർണം നേടിയ മലപ്പുറം ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിലെ പി. നിരഞ്ജനയ്‌ക്ക് ഈ നേട്ടം ഒരു മധുരപ്രതികാരം കൂടിയാണ്. കഴിഞ്ഞ തവണ അവസാന 50 മീറ്ററിൽ കൈവിട്ട സ്വർണം തിരികെ പിടിച്ചാണ് കൊച്ചിയിൽ നിന്ന് ഇക്കുറി നിരഞ്ജനയുടെ മടക്കം.
കഴിഞ്ഞ തവണയും നിരഞ്ജനയായിരുന്നു മത്സരത്തിൽ ഫിനീഷിംഗ് ലൈനിന് തൊട്ടടുത്ത് വരെ മുൻപിൽ നിന്നത്. എന്നാൽ അവസാന 50 മീറ്ററിൽ പിന്നിൽ നിന്ന് സഹമത്സരാർത്ഥി കയറുകയായിരുന്നു. അത് താൻ ശ്രദ്ധിച്ചുമില്ലെന്ന് നിരഞ്ജന പറഞ്ഞു. കയ്യെത്തും ദൂരത്തായിരുന്ന സ്വർണം അവസാന നിമിഷം നഷ്ടമായതിന്റെ നിരാശയിലാണ് അന്ന് മടങ്ങിയത്. അതുകൊണ്ടു തന്നെ ഇക്കുറി തയ്യാറെടുപ്പോടെയാണ് വന്നത്.
കോഴിക്കോടും പാലക്കാടും കടുത്ത വെല്ലുവിളിയാണ് ഉയർത്തിയതെന്ന് നിരഞ്ജന പറഞ്ഞു. നിരഞ്ജനയുടെ പരിശീലകനും സ്‌കൂളിലെ കായിക അദ്ധ്യാപകനും പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തേതിലും മെച്ചപ്പെടുത്താനായില്ലെങ്കിലും സ്വർണം നേടാനായതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.
മത്സരിക്കുന്നത് മലപ്പുറത്തിന് വേണ്ടിയാണെങ്കിലും നിരഞ്ജനയ്‌ക്ക് നന്നായി പരിശീലനം നടത്തണമെങ്കിൽ പാലക്കാട് വരണം. 150 മീറ്റർ ഗ്രൗണ്ടിലാണ് പതിവായി പരിശീലിക്കുന്നത്. എന്നാൽ ദീർഘദൂര ഇനങ്ങളിൽ ചെറിയ ഗ്രൗണ്ടുകളിൽ പരിശീലിച്ചിട്ട് കാര്യമില്ല. പാലക്കാട് ചാത്തന്നൂരിൽ പോയിട്ടാണ് പരിശീലനം നടത്തുക. സ്ഥിരമായി അത്തരം ട്രാക്കുകളിൽ പരിശീലനം നടത്താൻ അവസരം ലഭിച്ചാൽ ദേശീയതലത്തിൽ വരെ അഭിമാനകരമായ നേട്ടം കൈവരിക്കാൻ നിരഞ്ജനയ്‌ക്ക് കഴിയുമെന്ന് പരിശീലകൻ പറയുന്നു.
നിലവിൽ മത്സരങ്ങൾ അടുക്കുമ്പോൾ കുറച്ച് ദിവസം മാത്രമാണ് ദീർഘദൂര ട്രാക്കുകളിൽ പരിശീലിക്കാൻ നിരഞ്ജനയ്‌ക്ക് അവസരം ലഭിക്കുന്നത്. പാലക്കാടെത്തി പരിശീലനം നടത്താനും ഭീമമായ തുക വേണ്ടി വരുന്നുണ്ടെന്ന് സ്‌കൂളിലെ കായിക അദ്ധ്യാപകൻ പറയുന്നു. ജില്ലയ്‌ക്ക് പുറത്തുനിന്നുളള കുട്ടിയായതുകൊണ്ട് ഗ്രൗണ്ടിൽ രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പെടെ ഉണ്ട്. യാത്രാച്ചിലവുകൾ വേറെയും. അദ്ധ്യാപകൻ കൂട്ടിച്ചേർത്തു.















