പെരുമ്പാവൂർ: സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു തൈ നടാം നല്ല നാളെയ്ക്ക് വേണ്ടി പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് ഉടനീളമുള്ള വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതി കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാൾ പെരുമ്പാവൂർ പ്രഗതി വിദ്യാലയത്തിലെ വിദ്യാർത്ഥിനി സംഘമിത്രക്ക് തൈ നൽകി നിർവഹിച്ചു.
സുഗതകുമാരി കവിതകളുടെ നൃത്താവിഷ്‌ക്കാരത്തോടെയാണ് പരിപാടി തുടങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് കേന്ദ്രമന്ത്രി, അർജുൻ റാം മേഘ്‌വാൾ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ,എം.എൽ.എ, എൽദോസ് കുന്നപ്പിള്ളി, കുമ്മനം രാജശേഖരൻ എന്നിവർ വൃക്ഷതൈകൾ നട്ടു. ഡോ. അബ്ദുൾ കലാം സ്മൃതി മണ്ഡപത്തിൽ മന്ത്രിയും അതിഥികളും കുട്ടികളും തൊണ്ണുറ് മൺ ചിരാതുകളിൽ ദിപം തെളിയിച്ചു.
പ്രഗതി അക്കാദമിയിൽ ഫലവൃക്ഷം, ഓഷധച്ചെടി, പൂച്ചെടി, വനവൃക്ഷം തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട 90 ഇനം തൈകൾ വെച്ച് വിദ്യാലയ വളപ്പിൽ സൂഷ്മവനം സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. സുഗതകുമാരി എഴുതിയ ഒരു തൈ നടാം എന്ന കവിത ആലപിച്ചു കൊണ്ട് കുട്ടികൾ തന്നെ നട്ട് പരിപാലിച്ച് കുട്ടി വനമായി നിലനിർത്തും. വിദ്യാലയ അങ്കണത്തിൽ നടന്ന സാംസ്‌ക്കാരിക സമ്മേളനം കേന്ദ്ര മന്ത്രി അർജുൻ റാം മേഘ് വാൾ ഭദ്രദിപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
പ്രകൃതി അമ്മയാണെന്ന തിരിച്ചറിവ് പുതുതലമുറക്ക് നൽകുന്ന സുഗത സൂഷ്മവനം പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിക്ക് വേണ്ടി അഹോരാത്രം പോരാടിയ മഹത് വനിതയാണ് സുഗതകുമാരിയെന്നും സുഗതകുമാരിയുടെ പേരിൽ പുതിയ തലമുറയ്‌ക്ക് പ്രകൃതിയെ സ്‌നേഹിക്കുകയെന്ന മഹത്തായ സന്ദേശം പകർന്ന് നല്കുന്ന പദ്ധതിയാണ് സുഗത സൂഷ്മ വനം പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുമ്മനം രാജശേഖരൻ ആമുഖഭാഷണം നടത്തി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂരിലെ ഹരിതകർമ്മ സേനാംഗങ്ങളെയും ആശാ വർക്കർമാരെയും ചടങ്ങിൽ ആദരിച്ചു. പ്രഗതി അക്കാദമി മാനേജിംഗ് ഡയരക്ടർ ഡോ. ഇന്ദിര രാജൻ പ്രഭാഷണം നടത്തി.
എൽദോസ് കുന്നപ്പിളളി എം.എൽ.എ, പെരുമ്പാവൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ പോൾ പത്തിക്കൽ, കൗൺസിലർ അരുൺദേവ് എന്നിവർ സംസാരിച്ചു. പ്രഗതി അക്കാദമി പ്രിൻസിപ്പൽ സുചിത്ര ഷൈ ചിന്ത്, സ്വാഗതവും ജനറൽ കൺവിനർ സുഗത നവത കമ്മിറ്റി ബി പ്രകാശ് ബാബു നന്ദിയും പറഞ്ഞു.















