സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധായക മേലങ്കിയണിയുന്ന ആനന്ദ് ശ്രീബാലയുടെ ട്രെയിലർ റിലീസ് ചെയ്തു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന ടാഗ് ലൈനോടെയെത്തുന്ന സിനിമ അടിമുടി ത്രില്ലറാണെന്ന് വ്യക്തം. ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. അഭിലാഷ് പിള്ളയാണ് രചന നിർവഹിച്ചിരിക്കുന്നത്. 2.20 മിനിട്ട് ദൈർഘ്യമുള്ള ട്രെയിലറിൽ അടിമുടി നിറയുന്നത് ദുരൂഹതയാണ്.
അർജുൻ അശോകനും സംഗീത മാധവനുമാണ് ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപർണ ദാസ്, മാളവിക മനോജ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ,ഇന്ദ്രൻസ്,അജു വർഗീസ്, നന്ദു പൊതുവാൾ, ശ്രീപദ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, എന്നിവരാണ് മറ്റു താരങ്ങളെ അവതരിപ്പിക്കുന്നത്. മാളികപ്പുറത്തിന്റെ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ 15ന് ചിത്രം തിയറ്ററിലെത്തും.