ശ്രീനഗർ: ജമ്മുകശ്മീരിൽ മൂന്ന് ലഷ്കർ ഭീകരർ അറസ്റ്റിൽ. ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം നടത്തിയവരെയാണ് പൊലീസ് പിടികൂടിയത്. ഉസാമ യാസിൻ ഷെയ്ഖ്, ഉമർ ഫയാസ് ഷെയ്ഖ്, അഫ്നാൻ മൻസൂർ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായതെന്ന് കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ വി.കെ ബിർദി അറിയിച്ചു. നഗരത്തിലെ ഇഖ്രജ്പോറ ഏരിയ സ്വദേശികളാണ് മൂവരും.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആക്രമണം. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തിൽ 12 സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. പാകിസ്താനിൽ നിന്നുള്ള ഭീകരനേതാക്കളുടെ നിർദേശാനുസാരണം കശ്മീരിലെ സമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണിതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ മൂന്ന് പേർക്കെതിരെയും യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശ്രീനഗറിൽ ഞായറാഴ്ച ദിവസം പ്രതിവാരചന്ത നടക്കുന്ന സ്ഥലത്തിന് നേരെ ഫ്ലൈ ഓവറിന് മുകളിൽ നിന്ന് ഗ്രനേഡ് എറിയുകയായിരുന്നു ഭീകരർ. മേഖലയിൽ നിർത്തിയിട്ടിരുന്ന പാരാമിലിട്ടറി വാഹനത്തിന് അരികെ ഗ്രനേഡ് വന്ന് പതിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. തുടർന്ന് മാർക്കറ്റിൽ എത്തിയ സാധാരണക്കാരായ ജനങ്ങൾക്കുൾപ്പടെ പരിക്കേൽക്കുകയായിരുന്നു.















