കോഴിക്കോട്: ഇടിമിന്നലേറ്റ് ആറ് പേർക്ക് പരിക്ക്. കോഴിക്കോട് കായണ്ണയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. തൊഴിലുറപ്പ് പണിക്കിടയാണ് ഇവർക്ക് മിന്നലേറ്റത്. ഉടൻ തന്നെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംസ്ഥാനത്ത് മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങും. ഇന്ന് സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.















