ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ അദ്വാനിയുടെ വീട്ടിലെത്തി ജൻമദിനാശംസകൾ നേർന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും പ്രധാനമന്ത്രി നരേന്ദ്രമോദിയും. വൈകിട്ടോടെയാണ് ഇരുവരും അദ്വാനിയെ സന്ദർശിച്ചത്.
അദ്വാനിയെ എല്ലായ്‌പോഴും ആരോഗ്യത്തോടെ സംരക്ഷിക്കാനും ദീർഘായുസ്സ് നൽകാനും ദൈവത്തോട് പ്രാർത്ഥിക്കുന്നതായി ജെ.പി. നദ്ദ പറഞ്ഞു. അദ്വാനിയുടെ അനുഗ്രഹം തേടിയതായും നദ്ദ കൂട്ടിച്ചേർത്തു. എക്‌സിലൂടെയാണ് അദ്വാനിക്കൊപ്പം ഇരിക്കുന്ന ചിത്രം സഹിതം സന്ദർശന വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്. പ്രധാനമന്ത്രിയും അദ്വാനിയുടെ വസതിയിലെത്തിയ ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി തുടങ്ങിയവരും അദ്വാനിയെ കാണാൻ വീട്ടിലെത്തി. അദ്ദേഹത്തിന്റെ അശ്രാന്തമായ സമർപ്പണവും ദീർഘദർശിയായ നേതൃപാടവവും രാജ്യപുരോഗതിയിൽ മായാത്ത മുദ്രപതിപ്പിച്ചിട്ടുണ്ടെന്ന് രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു. അദ്വാനിക്കൊപ്പം കേക്ക് മുറിക്കുന്ന വീഡിയോയും രാംനാഥ് കോവിന്ദ് ട്വിറ്ററിൽ പങ്കുവെച്ചു.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രിമാരായ ജി കിഷൻ റെഡ്ഡി, കിരൺ റിജിജു, ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ തുടങ്ങിയവരുൾപ്പെടെ നിരവധി ദേശീയനേതാക്കൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു. 1927 നവംബർ എട്ടിനായിരുന്നു അദ്വാനി ജനിച്ചത്.