കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി. ഹൗറയിൽ നാഗ്പൂർ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ട്രെയിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റിയതായി അധികൃതർ അറിയിച്ചു. ആളപായമില്ലെന്നും അധികൃതർ വ്യക്തമാക്കി.
സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്റെ കോച്ചുകളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെയായിരുന്നു അപകടം. ഡൗൺ ലൈനിൽ നിന്നും ടോപ്പ് ലൈനിലേക്ക് കയറുന്നതിനിടെ പാളം തെറ്റിയതാണെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് പാസഞ്ചർ കോച്ചുകളും ഒരു പാഴ്‌സൽ വാനുമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ പിന്നീട് കോച്ചുകളിൽ നിന്ന് സുരക്ഷിതരായി പുറത്തിറക്കി. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















