ലക്നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വന്ദേ ഭാരത് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. ട്രെയിനിന് മുന്നിൽ ബൈക്ക് നിർത്തിയിട്ട് ഓടുകയായിരുന്നു യുവാക്കൾ . തീവണ്ടിയുടെ എഞ്ചിനിൽ കുടുങ്ങിയ ബൈക്ക് ഏറെ ദൂരത്തേക്ക് വലിച്ചിഴച്ചു . അതേസമയം ട്രെയിൻ പാളം തെറ്റിയില്ലെന്നും , അല്ലെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.
നവംബർ 8 ന് വൈകുന്നേരം 4:20 ഓടെയാണ് സംഭവം. വാരണാസിയിൽ നിന്ന് പ്രയാഗ്‌രാജിലേയ്‌ക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിനാണ് അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത്. ഝാൻസി സ്റ്റേഷനു സമീപം ബന്ദ്വ താഹിർപൂർ റെയിൽവേ അടിപ്പാതയിലൂടെ ചില യുവാക്കൾ ബൈക്കുമായി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. വന്ദേഭാരത് ട്രെയിൻ അടുത്തെത്തിയപ്പോൾ യുവാക്കൾ ബൈക്ക് ട്രാക്കിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ബൈക്കിൽ ശക്തമായി ഇടിച്ചതിനെ തുടർന്ന് ട്രെയിനിൽ കുലുക്കം അനുഭവപ്പെട്ടു.ഇതിനിടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തി. വാരണാസിയിലെ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ കൺട്രോൾ റൂമിൽ അറിയിക്കുകയും ചെയ്തു.സംഭവത്തെക്കുറിച്ച് ആർപിഎഫ് അന്വേഷണം നടത്തിവരികയാണ് . ബൈക്ക് ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബൈക്ക് ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.