മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെയും ബിജെപിയെയും പരാജയപ്പെടുത്താൻ വോട്ട് ജിഹാദും. എൻജിഒ സംഘങ്ങളുടെ മറവിൽ മുസ്ലീം വോട്ടുകൾ ബിജെപിക്കും എൻഡിഎയ്‌ക്കും എതിരാക്കി മാറ്റാനാണ് നീക്കം. മുസ്ലീം വോട്ടർമാരെ ബോധവൽക്കരിക്കാനെന്ന പേരിൽ നേരിട്ടെത്തി ക്യാമ്പെയ്ൻ നടത്തിയാണ് ഈ പ്രവർത്തനം നടത്തുന്നത്. 400 ഓളം എൻജിഒകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് പരീക്ഷിച്ചു വിജയിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 180 ഓളം എൻജിഒകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന്റെ ഇരട്ടിയിലധികം സംഘങ്ങളെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. മതാടിസ്ഥാനത്തിൽ വോട്ട് സ്വാധീനിക്കുന്നതുൾപ്പെടെ നഗ്നമായ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് ഇതിൽ നടക്കുന്നത്.
കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും ശിവസേന ഉദ്ധവ് താക്കറെയുമുൾപ്പെടുന്ന പ്രതിപക്ഷ സഖ്യത്തിന്റെ പിന്തുണയോടെയാണ് ഇവയുടെ പ്രവർത്തനങ്ങൾ. ശിവസേന ഉദ്ധവ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ച മറാത്തി മുസ്ലീം സേവാ സംഘ് എന്ന എൻജിഒയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ. കൂടുതലും മുസ്ലീം ഭൂരിപക്ഷ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇവർ വോട്ട് സ്വാധീനിക്കാൻ ശ്രമം നടത്തുന്നത്. വീടുകൾ കയറിയുളള ക്യാമ്പെയ്‌നാണ് പ്രധാനം.
മുസ്ലീം ജനസംഖ്യ കൂടുതലുളള ശിവാജി നഗർ, മുംബാദേവി, ബൈക്കുള, മലെഗാവ് സെൻട്രൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇവർ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപേ ക്യാമ്പെയ്ൻ തുടങ്ങിയിരുന്നു. തുടർച്ചയായ ആശയവിനിമയത്തിലൂടെ നിഷ്പക്ഷമായി ചിന്തിക്കുന്ന ആളുകളുടെ തലച്ചോറിലേക്ക് ബിജെപി വിരുദ്ധത കടത്തിവിടുകയും വോട്ട് മറുപക്ഷത്ത് എത്തിക്കുകയുമാണ് ഇവർ ലക്ഷ്യം വയ്‌ക്കുന്നത്.
മുസ്ലീം വോട്ടർമാരുമായി തുടർച്ചയായ ആശയവിനിമയം നടത്തുന്ന ഇവർ പൗരത്വ ഭേദഗതി, ഹിജാബ് വിഷയങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് മുസ്ലീം വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപിക്ക് എതിരാക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മുസ്ലീങ്ങളെ വോട്ടെടുപ്പിൽ സജീവമാക്കാനും ലക്ഷ്യമിട്ടാണ് തങ്ങളുടെ പ്രവർത്തനമെന്നാണ് മറാത്തി മുസ്ലീം സേവാ സംഘ് നേതാവ് ഫക്കീർ മെഹ്‌മൂദ് താക്കൂറിന്റെ വിശദീകരണം. അതേസമയം രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി മറാത്തി മുസ്ലീം സേവാ സംഘം വർഗീയ ധ്രുവീകരണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമീപമണ്ഡലങ്ങളെ അപേക്ഷിച്ച് മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകാത്ത രീതിയിലായിരുന്നു പോളിംഗ് വർദ്ധന. ചില സ്ഥലങ്ങളിൽ 60 ശതമാനത്തിലധികം വരെ പോളിംഗ് ഉയർന്നു. ഇതേ തന്ത്രം തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോഗിക്കാനാണ് മഹാവികാസ് അഘാഡി സഖ്യം നീക്കം നടത്തുന്നത്.















