കണ്ണൂർ: വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവത്തിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പിലെ മദ്രസ അദ്ധ്യാപകനായ ഉമൈർ അഷ്റഫാണ് അറസ്റ്റിലായത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. മതപഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാൾ പഠിക്കുന്നത് മനസിലാകുന്നില്ലെന്ന് പുറത്ത് പറഞ്ഞതും അദ്ധ്യാപകനെ പ്രകോപിപ്പിച്ചു. ഇസ്തിരിപ്പെട്ടി കൊണ്ട് പുറത്ത് പൊള്ളിക്കുകയും ചൂരൽ ഉപയോഗിച്ച് മുതുകിൽ അടിക്കുകയും ചെയ്തു. മുളക് അരച്ച് കണ്ണിലും സ്വകാര്യഭാഗങ്ങളിലും തേയ്‌ക്കുകയും ചെയ്തുവെന്നാണ് പരാതി.
തുടർന്ന് മാനസിക സംഘർഷത്തിലായിരുന്ന കുട്ടിയോട് വീട്ടുകാർ കാര്യം തിരക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടതോടെ ഇയാൾ ഒളിവിൽ പോയി. കണ്ണൂരിൽ തിരികെയെത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് മദ്രസ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. മുൻപും ഇയാൾക്കെതിരെ സമാന രീതിയിലുള്ള പരാതി ഉയർന്നിരുന്നു.















