സന്തോഷ് പണ്ഡിറ്റിനെ ഒരു ചാനൽ പരിപാടിയിൽ വിളിച്ചുവരുത്തി കൂട്ടമായി പരിഹസിച്ചതിൽ മിമിക്രി താരങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട വ്യക്തിയാണ് മിമിക്രി താരവും നടനുമായ ഏലൂർ ജോർജ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളെ മാത്രമല്ല, അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയായിരുന്നു മിമിക്രി താരങ്ങൾ. വർഷങ്ങൾക്കിപ്പുറവും ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് ഏലൂർ ജോർജ്. താൻ സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുകയല്ല, പിന്തുണയ്‌ക്കുകയാണ് ചെയ്തതെന്ന് ഗായകൻ എം ജി ശ്രീകുമാർ നയിക്കുന്ന ഒരു പരിപാടിയിൽ സംഭവത്തെ ന്യായീകരിച്ചുകൊണ്ട് ഏലൂർ ജോർജ് പറഞ്ഞു. താരത്തിന്റെ ഈ പ്രതികരണവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രോളായി നിറയുന്നുണ്ട്.
“ഒരു ചാനലിന്റെ ടോക്ക് ഷോ ആയിരുന്നു. മിമിക്രിക്കാർ എല്ലാവരും അതിൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും കൗണ്ടറാണ് അടിച്ചത്. പണ്ഡിറ്റ് അത് വളരെ സീരിയസ് ആയി എടുത്തു. പണ്ഡിറ്റിന്റെ സിനിമയെ പറ്റിയുള്ള വിമർശനമായിരുന്നു അവിടെ നടന്നത്. പണ്ഡിറ്റിനെ ഞാൻ സപ്പോർട്ട് ചെയ്താണ് സംസാരിച്ചത്”.
“പരിപാടിയിൽ ഉണ്ടായിരുന്ന ഒരു പെൺകൊച്ച് ചോദിച്ചു, ‘നിങ്ങൾ ഇറക്കുന്ന സിനിമകളൊക്കെ വിജയിക്കുമെന്ന് എന്താ ഉറപ്പ്’ എന്ന്. അങ്ങനെ പറയരുത് മോളെ, നാളെ നേരം വെളുക്കുമെന്ന് എന്ത് ഉറപ്പാണ് ഉള്ളതെന്ന് ഞാൻ ചോദിച്ചു. പണ്ഡിറ്റിനെ ഞാൻ സപ്പോർട്ട് ചെയ്തു. എന്നാൽ അത് നേരെ തിരിഞ്ഞ് മിമിക്രിക്കാർ എല്ലാവരും കൂടി സന്തോഷ് പണ്ഡിറ്റിനെ ആക്രമിക്കുന്നു എന്ന രീതിയിൽ ആക്കി തീർത്തു. നിന്റെ തന്തയുടെ കാശു കൊണ്ടാണോ ഞാൻ പടമെടുത്തത് എന്ന് ഞങ്ങളോട് ചോദിച്ചു. തൊട്ടടുത്ത് ഇരിക്കുന്നത് ഞാനാണ്. പിന്നെ ട്രോളോട് ട്രോള്. പിന്നെ സന്തോഷ് പണ്ഡിറ്റിനെ നേരിട്ട് കണ്ടിട്ടില്ല”- എന്നാണ് ഏലൂർ ജോർജ് പറഞ്ഞത്.