ഇനി ഇന്ത്യയിൽ ഡിസൈൻ ചെയ്ത ഐ ഫോണുകളും ഉപയോഗിക്കാം; രാജ്യത്ത് R&D വിഭാഗം ആരംഭിക്കാൻ ആപ്പിൾ ഒരുങ്ങുന്നതായി സൂചന

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: ഇന്ത്യയിൽ നിന്ന് ഐഫോണുകളുടെ ഉൾപ്പെടെ ഉൽപാദനം ആപ്പിൾ ആരംഭിച്ചിട്ട് അധികം കാലമായിട്ടില്ല. ചുരങ്ങിയ കാലം കൊണ്ടു തന്നെ ഉൽപാദനത്തിൽ ശ്രദ്ധേയമായ മുന്നേറ്റവും കമ്പനി കൈവരിച്ചു. ഇതിന് പിന്നാലെ ആപ്പിൾ ഉത്പ്പന്നങ്ങൾക്കായുളള റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (R&D ) വിഭാഗവും ഇന്ത്യയിൽ ആരംഭിക്കാനുളള ഒരുക്കത്തിലാണ് കമ്പനി. ആപ്പിൾ ഓപ്പറേഷൻസ് ഇന്ത്യ എന്ന പേരിൽ ഉപകമ്പനി സ്ഥാപിച്ചായിരിക്കും ഈ പ്രവർത്തനങ്ങൾ നടത്തുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ആപ്പിളിന്റെ ഐഫോൺ ഉൾപ്പെടെയുളള പുതിയ പ്രൊഡക്ടറുകൾ ഇന്ത്യയിൽ തന്നെ രൂപകൽപന ചെയ്യാനും അതിന്റെ ടെസ്റ്റിംഗ് ഉൾപ്പെടെ ഇന്ത്യയിൽ തന്നെ നടത്താനും ഇതോടെ സാധിക്കും. ഇന്ത്യയിലെ ഉൽപാദനം കൂടി ഉയരുന്നതോടെ പുതിയ പ്രൊഡക്ടുകൾ ഡിസൈൻ ചെയ്ത് വിപണിയിലെത്തിക്കുന്ന കാലതാമസം ഒഴിവാക്കാൻ കമ്പനിക്കാകും.

നിലവിൽ അമേരിക്ക, ചൈന, ജർമനി, ഇസ്രായേൽ എന്നിവിടങ്ങളിലാണ് ആപ്പിളിന് R & D വിഭാഗം ഉളളത്. സാങ്കേതിക വിദ്യകളിൽ അത്രയേറെ മുന്നേറിയ രാജ്യങ്ങളിലും ടെക്‌നോളജിയെ ആ രാജ്യങ്ങൾ എങ്ങനെ പിന്തുണയ്‌ക്കുന്നുവെന്നും ഉൾപ്പെടെ സൂക്ഷ്മതയോടെ വിലയിരുത്തിയാണ് ആപ്പിൾ ആർ ആൻഡ് ഡി വിഭാഗം ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ റിപ്പോർട്ട് യാഥാർത്ഥ്യമായാൽ ഇന്ത്യയ്‌ക്ക് അതൊരു നേട്ടമായി ഉയർത്തിക്കാട്ടാനാകും. സാംസങ്, എൽജി, സോണി എന്നീ കമ്പനികൾക്കും ചൈനീസ് കമ്പനികളായ ഒപ്പോ, വിവോ എന്നിവർക്കും ഇന്ത്യയിൽ നിലവിൽ ആർ ആൻഡ് ഡി വിഭാഗങ്ങളുണ്ട്. ആപ്പിൾ കൂടി ആ ശ്രേണിയിൽ ചേരുന്നതോടെ മുൻനിര കമ്പനികളുടെ ആർ ആൻഡ്് ഡി ഹബ്ബായി ഇന്ത്യ മാറും.

ആർ ആൻഡ് ഡി വിഭാഗം ആരംഭിക്കാനുളള അടിസ്ഥാന പ്രവർത്തനങ്ങൾ ആപ്പിൾ നേരത്തെ ഇന്ത്യയിൽ ആരംഭിച്ചിരുന്നുവെന്നാണ് വിപണി വിശകലന വിദഗ്ധർ പറയുന്നത്. രജിസ്ട്രാർ ഓഫ് കമ്പനീസിൽ ഫയൽ ചെയ്ത വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിൽ ആപ്പിളിന് 36.8 കോടിയുടെ സ്ഥിര ആസ്തിയും 38.2 കോടി രൂപയുടെ വർക്ക് ഇൻ പ്രോഗ്രസ് മൂലധനവും ഉണ്ട്.

ആർ ആൻഡ് ഡി വിഭാഗം പ്രവർത്തനം തുടങ്ങുന്നതോടെ ഇന്ത്യയിൽ ആപ്പിൾ ഫോണുകൾ ഉൾപ്പെടെയുളള ഉത്പ്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായ ഹാർഡ് വെയർ, സോഫ്റ്റ് വെയർ പിന്തുണയും കാലതാമസമില്ലാതെ നൽകാൻ ആപ്പിളിനാകും.

Share
Leave a Comment