വയനാട്: തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പ്രചാരണം നടത്തി പോകുന്ന നേതാക്കളെയല്ല വയനാടിനാവശ്യമെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വയനാടിന്റെ പ്രശ്‌നങ്ങൾ മനസിലാക്കുന്ന നേതാവിനെയാണ് ജനങ്ങൾക്കാവശ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” രാഷ്‌ട്രീയത്തിനതീതമായി രാജ്യത്തിനായി ഓരോ സമ്മതിദായകരും വോട്ട് രേഖപ്പെടുത്തണം. നിങ്ങളുടെ ഓരോ വോട്ടും പാഴാവരുത്. വയനാടിനായി ഒരു കേന്ദ്രമന്ത്രിയെ നൽകുന്നതിനായിരിക്കണം നിങ്ങൾ വോട്ട് ചെയ്യേണ്ടത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ട് ദിവസം മുൻപ് എത്തി, പിന്നീട് തിരിഞ്ഞു നോക്കാത്ത നേക്കാളെയാണോ വയനാടിനാവശ്യമെന്ന് ഓരോ ജനങ്ങളും രാഷ്‌ട്രീയം മറന്ന് ആലോചിക്കേണ്ടതുണ്ട്.”- സുരേഷ് ഗോപി പറഞ്ഞു.
ഭാരതം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണ് വഖ്ഫ് ബോർഡിന്റെ അധിനിവേശം. എന്നാൽ പാവപ്പെട്ടവരുടെ ഭൂമി അനധികൃതമായി കയ്യേറുന്ന വഖ്ഫ് ബോർഡിന്റെ മുന പ്രധാനമന്ത്രി നയിക്കുന്ന കേന്ദ്ര സർക്കാർ ഒടിച്ചിരിക്കും.
ഭാരതത്തിന്റെ ഭരണസംവിധാനം ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതാണെന്ന് ഓരോരുത്തരും മനസിലാക്കണം. രാജ്യത്തെ ജനങ്ങളെ ദ്രോഹിച്ച് ഒരു ബോർഡും നട്ടെല്ലുയർത്തി നിൽക്കില്ലെന്നും സുരേഷ് ഗോപി തുറന്നടിച്ചു.