മായമില്ലാത്തത് എന്താണുള്ളതെന്ന് ചോദിച്ചാൽ ഒരു പക്ഷേ കുറച്ച് നേരം ചിന്തിക്കേണ്ടി വരും. ഭക്ഷണത്തിലാണ് ഏറെയും മായം ചേർക്കുന്നത്. പായ്ക്കറ്റുകളിൽ ലഭിക്കുന്നവയിൽ മായം കലർന്നിട്ടുണ്ടോയെന്ന് ഒറ്റ നോട്ടിൽ കണ്ടെത്താൻ ആർക്കും കഴിഞ്ഞെന്ന് വിരല്ല.
ഭക്ഷ്യവിഷബാധ സ്ഥിരം സംഭവമായി മാറുകയാണ്. മയോനൈസ്, സോസ് പോലുള്ളവ കഴിച്ചാണ് പലരും ആശുപത്രി കിടക്കയിലാകുന്നത്. എന്നാൽ ഒരൽപ്പം ശ്രദ്ധിച്ചാൽ ഭക്ഷണത്തിലെ മായം തിരിച്ചറിയാൻ സാധിക്കും. എന്നും കഴിക്കുന്ന ടൊമാറ്റോ സോസിലെ മായം തിരിച്ചറിയുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
സോസ് എപ്പോഴും കട്ടിയുള്ളതായിരിക്കും. കട്ടി കുറയുന്നതായി അനുഭവപ്പെടുകയാണെങ്കിൽ അതിൽ മായം ചേർത്തിട്ടുണ്ടെന്ന് പറയാം. കൂവപ്പൊടിയോ ചോളപ്പൊടിയോ ചേർത്ത് കൊഴുപ്പാക്കുന്ന പതിവുമുണ്ട്. ഇത് ആരോഗ്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
കടും ചുവപ്പോ അല്ലെങ്കിൽ തവിട്ട് കലർന്ന നിറമോ ആണെങ്കിൽ തക്കാളി സോസിൽ മായം കലർന്നിട്ടില്ലെന്ന് പറയാം. നന്നായി പഴുത്ത തക്കാളി ഉപയോഗിച്ചാകും ഇവ ഉണ്ടാക്കിയിട്ടുണ്ടാവുക. ഇളം ചുവപ്പ് നിറമാണെങ്കിൽ സോസിൽ മായം കലർത്തിയിട്ടുണ്ടെന്ന് അനുമാനിക്കാം.
രുചി നോക്കിയും സോസിന്റെ പരിശുദ്ധി വിലയിരുത്താം. തക്കാളിയുടെ പുളിയും ചെറിയൊരു മധുരവുമാണ് സാധാരണയായി തക്കാളി സോസിനുണ്ടാവുക. മധുരം കൂടുതൽ തോന്നുകയാണെങ്കിൽ സോസിൽ മായം കലർന്നിട്ടുണ്ടാവാം.
മായം കലർന്ന തക്കാളി സോസ് കഴിക്കുന്നത് കരളിനെയും വൃക്കകളെയുമാണ് പ്രതികൂലമായി ബാധിക്കുക. ദഹന പ്രശ്നങ്ങൾക്കും കുടലിന്റെ ആരോഗ്യത്തെയും ഇത് സാരമായി ബാധിച്ചേക്കാം. അമിത വണ്ണവും കൊളസ്ട്രോളും വർദ്ധിപ്പിക്കാനും ഇത് കാരണമാകും. അതുകൊണ്ട് തന്നെ കഴിവതും തക്കാളി സോസ് വീട്ടിലുണ്ടാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ചേരുവകൾ
- തക്കാളി- ഒരു കിലോ
- വിനാഗിരി -1/3 കപ്പ്
- പഞ്ചസാര -അര കപ്പ്
- പെരുംജീരകം -അര ടീസ്പൂൺ
- ജീരകം -അര ടീസ്പൂൺ
- ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -ഒന്നര ടീസ്പൂൺ
- സവോള -ഒന്ന് പച്ചമുളക്
- ഏലക്കാ
- ഗ്രാമ്പൂ
- കറുവപട്ട
- ഉപ്പ് -പാകത്തിന്
തയ്യാറാക്കേണ്ട വിധം
തക്കാളിയുടെ തൊലി അടർന്ന് വരുന്നത് വരെ വെള്ളത്തിലിട്ട് തിളപ്പിക്കുക. തുടർന്ന് ഇത് തണുത്ത വെള്ളത്തിലിട്ട് വയ്ക്കുക. ആറിയ ശേഷം മിക്സിയിലിട്ട് പേസ്റ്റ് ആക്കിയെടുക്കുക.
ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്,സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും കൂടെ ചേർത്ത് ഒരു വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി എടുക്കുക.അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ശേഷം തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കണം. തുടർന്ന് ഉണ്ടാക്കി വെച്ചിരിക്കുന്ന കിഴി കൂടി അതിൽ ഇട്ട് ഇളക്കി ചൂടാക്കണം. കുറുകി തുടങ്ങുമ്പോൾ വിനാഗിരി, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. കിഴിയെടുത്ത് തക്കാളി ചാറിലേക്ക് പിഴിയുക. കുറുകുന്നത് വരെ ഇളക്കി കൊടുക്കണം.















