മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം അമരൻ ബോക്സോഫീസിൽ വിജയ കുതിപ്പ് തുടരുന്നതിനിടെ ചിത്രത്തിന്റെ സംഗീത സംവിധായകന് ആഡംബര വാച്ച് സമ്മാനിച്ച് ശിവകാർത്തികേയൻ. നടനും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാറിനാണ് വാച്ച് സമ്മാനിച്ചത്. ഒരു ലക്ഷത്തിലധികം വിലമതിക്കുന്ന ടാഗ് ഹോയർ വാച്ചാണ് ശിവകാർത്തികേയൻ സമ്മാനിച്ചിരിക്കുന്നത്.
ചിത്രത്തിൽ ജി വി പ്രകാശ് ഒരുക്കിയ ഗാനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെയാണ് ജി വി പ്രകാശിന് ആശംസകളും സമ്മാനവുമായി ശിവകാർത്തികേയൻ എത്തിയത്. വാച്ചിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രകാശാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വാച്ച് സമ്മാനിച്ചതിന് ശിവകാർത്തികേയന് നന്ദി അറിയിക്കുകയും ചെയ്തു.
രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രം അമരന് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്‌ത ദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടാനായ അമരൻ നിരവധി ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്.
ബോക്സോഫീസിൽ 150 കോടിയാണ് അമരൻ ഇതുവരെ നേടിയത്. മുകുന്ദ് വരദരാജനായി എത്തിയ ശിവകാർത്തികേയന്റെയും ഇന്ദു റബേക്കയായി എത്തിയ സായ്പല്ലവിയുടെയും പ്രകടനം പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര സൈനികന്റെ പോരാട്ടവും ഇന്ദു റബേക്കയുടെ നൊമ്പരവും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു.