ലൈക്കും ഷെയറും കമന്റും ലഭിക്കാൻ എന്തും ചെയ്യുന്ന സോഷ്യൽ മീഡിയ കോണ്ടെന്റ് ക്രിയേറ്റർമാരേ നമുക്ക് പരിചിതമാണ്. ഇത്തരം പോസ്റ്റുകൾ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വൈറലായി മാറുന്നുമുണ്ട്. സമാനമായി അടുത്തിടെ ചൈനയിൽ നടന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഒരമ്മ തന്റെ ഇളയമകൻ തീൻമേശയിലെ ഭക്ഷണത്തിൽ മൂത്രമൊഴിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എന്നാൽ ഇതിനുശേഷവും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ മലിനമായ ഭക്ഷണം കഴിക്കുന്ന കുടുംബാംഗങ്ങളാണ് ആളുകളെ അമ്പരപ്പിച്ചത്.
തീൻ മേശയ്‌ക്ക് സമീപം മുത്തശ്ശിയുടെ കയ്യിലിരുന്ന കുഞ്ഞാണ് അപ്രതീക്ഷിതമായി ഭക്ഷണങ്ങളിൽ മൂത്രമൊഴിച്ചത്. കുഞ്ഞിന്റെ അമ്മ ഇത് പകർത്തി അഭിമാനത്തോടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുകയായിരുന്നു. ആവിയിൽ വേവിച്ച ബണ്ണുകൾ, മുട്ടകൾ, പച്ചക്കറികൾ എന്നിങ്ങനെയുള്ള ഭക്ഷണങ്ങളാണ് മേശപ്പുറത്ത് നിരത്തി വച്ചിരുന്നത്. ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിട്ടും കുടുംബം ഈ ഭക്ഷണം തന്നെ ഒരുമിച്ചിരുന്നു കഴിക്കുകയും ചെയ്തു.
പലരും വീഡിയോക്ക് താഴെ അമ്പരപ്പും അതൃപ്തിയും പ്രകടമാക്കി. കുട്ടിയുടെ അമ്മയുടെ പ്രവൃത്തിയെ ആളുകൾ ചോദ്യം ചെയ്തു. അറപ്പുളവാക്കുന്നതും നികൃഷ്ടവുമാണിതെന്ന് ചിലർ പറഞ്ഞു. നിങ്ങൾ ഇത് കഴിച്ചോ എന്ന ഉപഭോക്താക്കളിലൊരാളുടെ ചോദ്യത്തിന് “അതെ, ഞങ്ങൾ അത് കഴിച്ചു” എന്ന മറുപടിയും അവർ നൽകി. ഈ സംഭവം പലർക്കും അമ്പരപ്പിക്കുന്നതായി തോന്നുമെങ്കിലും, പരമ്പരാഗത ചൈനീസ് വിശ്വാസങ്ങളിൽ വേരൂന്നിയ ഒരു സാംസ്കാരിക പശ്ചാത്തലം ഇതിനുണ്ട്. ചൈനയുടെ ചില ഭാഗങ്ങളിൽ ആൺകുട്ടികളുടെ മൂത്രത്തിന് ‘നിഗൂഢമായ ശക്തി’ ഉണ്ടെന്ന് കരുതപ്പെടുന്നുണ്ട്.