വൈകുന്നേരങ്ങളിൽ ചായയോടൊപ്പം കഴിക്കാൻ വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. യൂട്യൂബിൽ നോക്കിയും ടെലിവിഷനിലെ കുക്കറി ഷോകൾ കണ്ടുമൊക്കെ വീട്ടമ്മമാർ പുതിയ പരീക്ഷണങ്ങൾ നടത്താറുണ്ട്. ഇനി ചായയോടൊപ്പം പുതിയ വിഭവങ്ങൾ തയാറാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലം സ്നാക്ക് പരിചയപ്പെടുത്താം. വളരെ എളുപ്പത്തിലും വേഗത്തിലും ഒരു വെറൈറ്റി മുട്ടബജിയാണ് ഐറ്റം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
മുട്ട- 3,4 എണ്ണം
സവാള- 2 എണ്ണം
പച്ചമുളക്- 2 എണ്ണം
കാപ്സിക്കം -2 എണ്ണം
വെളുത്തുള്ളി-നാല് എണ്ണം
മഞ്ഞൾ പൊടി- 1 ടീസ്പൂൺ
മുളക് പൊടി- 3 ടീസ്പൂൺ
ഇഞ്ചി- ആവശ്യത്തിന്
ചിക്കൻ മസാല-1 ടീസ്പൂൺ
പാൽ- 2 ഗ്ലാസ്
മൈദ- 2 കപ്പ്
എണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് മുട്ട നന്നായി പുഴുങ്ങി എടുക്കുക. മറ്റൊരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കണം. ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴട്ടിയെടുക്കുക. ഇത് നന്നായി വഴണ്ട് വരുമ്പോൾ ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞുവച്ചിരിക്കുന്നത് ചേർത്ത് ഇളക്കി കൊടുക്കണം. പെട്ടെന്ന് വഴണ്ട് വരുന്നതിനായി അൽപ്പം ഉപ്പ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് തക്കാളിയും കാപ്സിക്കവും ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്നതും ചേർത്ത് ഇളക്കി കൊടുക്കുക.
വഴണ്ട് വരുമ്പോൾ അൽപ്പം കായപ്പൊടി, മുളക് പൊടി, ചിക്കൻ മസാല, മല്ലിയില എന്നിവ ചേർത്ത് ഇളക്കുക. മറ്റൊരു പാനിലേക്ക് വേവിച്ച് വച്ചിരിക്കുന്ന മുട്ട രണ്ടായി മുറിച്ചത് ചെറാതായി ഒന്ന് ചൂടാക്കി എടുക്കുക. കുറച്ച് പാലും മുട്ടയും മൈദ മാവും ചേർത്ത് ലൂസായി മിക്‌സിയിൽ അരച്ചെടുക്കണം. ഇതിന് ശേഷം മറ്റൊരു പാനിൽ ഈ മാവ് ദോശപോലെ പരത്തി ചുട്ടെടുക്കണം. ഇതിലേക്ക് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ഫില്ലിംഗും മുട്ടയും വച്ച് മടക്കി എടുക്കുക. ഇതിന് ശേഷം പാനിൽ കുറച്ച് എണ്ണയൊഴിച്ച് ഇവ വറുത്ത് എടുക്കാം. വെറൈറ്റി മുട്ട ബജി റെഡി.