മുംബൈ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പിന്നാക്ക വിഭാഗം ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോൺഗ്രസിന്റെ വിഭജന തന്ത്രങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിലെ നന്ദേഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന OBC-ക്കാരനായ പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന സത്യം അംഗീകരിക്കാൻ ഇപ്പോഴും കോൺഗ്രസിന് കഴിയുന്നില്ല. ഒബിസി വിഭാഗത്തെ ജാതിയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
പിന്നാക്ക വിഭാഗത്തെ വിവിധ ജാതികളാക്കി മാറ്റാനുള്ള കളികളാണ് കോൺഗ്രസ് നടത്തുന്നത്. രാജ്യത്തെ തകർക്കണം എന്നതാണ് കോൺഗ്രസിന്റെ അജണ്ട. രാജ്യത്തെ നശിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കങ്ങൾ ജനങ്ങൾ മനസിലാക്കണം. കോൺഗ്രസ് പാകിസ്താന്റെ അജണ്ടയെയാണ് പിന്തുടരുന്നത്. വിഘടനവാദികൾ സംസാരിക്കുന്നത് പോലെയാണ് കോൺഗ്രസ് സംസാരിക്കുന്നത്. ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കുന്നത് വരെ കോൺഗ്രസിന്റെ അജണ്ട ഇവിടെ നടക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലെ ധുലൈയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു. നവംബർ 20-നാണ്
തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23-നായിരിക്കും വോട്ടെണ്ണൽ നടക്കുക.















