വയനാട്: വയനാട് മേപ്പാടി പഞ്ചായത്തിൽ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദേശവുമായി ജില്ലാ കളക്ടർ. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കണമെന്ന് ഫുഡ് സേഫ്റ്റി വകുപ്പിനോട് കളക്ടർ നിർദേശിച്ചു. ഭക്ഷ്യവിഷബാധ ഉൾപ്പെടെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.
ദുരിതബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ ഉണ്ടായെന്ന പരാതിയും ഉയർന്നിരുന്നു. കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ താമസിക്കുന്നവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഏഴ് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കിറ്റിൽ നിന്നും ലഭിച്ച സോയാബീൻ കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച കിറ്റ് വാങ്ങി, വ്യാഴാഴ്ചയാണ് ഭക്ഷണം ഉണ്ടാക്കിയതെന്നും അന്ന് രാത്രി മുതലാണ് ഛർദ്ദിയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതെന്നും ബന്ധുക്കൾ പറഞ്ഞു.
യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിലാണ് പുഴുവരിച്ച
ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. സംഭവം പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് മേപ്പാടി പഞ്ചായത്ത് അധികൃതർക്കെതിരെ ഉയർന്നത്. പഴകിയ ഭക്ഷണ കിറ്റ് വിതരണം ചെയ്തതിൽ വിജിലൻസ് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ദുരിതബാധിതർക്ക് പഴകിയ ഭക്ഷണ കിറ്റ് വിതരണം ചെയ്തത് സർക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് വയനാട് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് പ്രതികരിച്ചു.















