നടനവിസ്മയം മോഹൻലാലിന്റെ ഭാര്യ സുചിത്ര പൊതുവെ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള വ്യക്തിയല്ലെങ്കിൽ പോലും അടുത്തിടെയായി ചില ഓൺലൈൻ ചാനലുകൾക്ക് അവർ ഇന്റർവ്യൂ അനുവദിച്ചിരുന്നു. മോഹൻലാലിന്റെ സംസാരങ്ങളും അഭിമുഖങ്ങളും വേണ്ടുവോളം കണ്ടിട്ടുള്ള മലയാളികൾക്ക് അദ്ദേഹത്തിന്റെ പ്രിയപത്നി സംസാരിക്കുന്നത് കാണാനും വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നത് കേൾക്കാനും വലിയ ഇഷ്ടമാണ്. ആരാധകരെ സംബന്ധിച്ചിടത്തോളം സുചിത്രയുടെ കണ്ണിലൂടെ ലാലിനെ അറിയാനുള്ള ആകാംക്ഷയും വലുതാണ്. അവതാരക രേഖ മേനോന് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ ലാലേട്ടനെക്കുറിച്ചും ചെന്നൈയിലെ ജീവിതത്തെക്കുറിച്ചുമാണ് സുചിത്ര മനസുതുറക്കുന്നത്.
പണ്ടുപണ്ട്, മോഹൻലാലിനെ വിവാഹം കഴിക്കുന്നതിന് മുൻപ്, ലാലേട്ടന്റെ അഭിനയം കണ്ട് ആരാധന തോന്നി, അത് പിന്നീട് പ്രണയമായി രൂപപ്പെട്ട കാലത്ത്, സുചിത്ര തന്റെ വീട്ടിൽ മോഹൻലാലിനെ അഭിസംബോധന ചെയ്തത് ഒരു കോഡ് പേരിലായിരുന്നു. ഒരുപക്ഷെ ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ആ കോഡ് പേരിനെക്കുറിച്ച് ഒരിക്കലും അറിയാതെ പോയവരിൽ ഒരാളാകും മോഹൻലാൽ. അഭിമുഖത്തിൽ രേഖാ മേനോൻ തന്നെയാണ് തന്റെ ഗവേഷണത്തിന്റെ ഭാഗമായി ആ കോഡ് പേരിനെക്കുറിച്ച് കണ്ടെത്തി സുചിത്രയോട് ചോദിച്ചത്. ഇപ്പോഴും ആ കോഡ് പേരിനെക്കുറിച്ച് ഓർക്കുന്നുണ്ടോയെന്നായിരുന്നു രേഖയുടെ ചോദ്യം. അക്കാര്യം കണ്ടുപിടിച്ച രേഖയെ നോക്കി ഞെട്ടൽ രേഖപ്പെടുത്തിയ സുചിത്ര പിന്നീട് പൊട്ടിച്ചിരിക്കുകയും കോഡ് പേര് പറയുകയും ചെയ്തു..
S.K.P – അതായിരുന്നു സാക്ഷാൽ മോഹൻലാലിന് സുചിത്ര നൽകിയ കോഡ് നെയിം. അതിന്റെ ഫുൾഫോം പറയാൻ കഴിയാതെ തലകുത്തി ചിരിക്കുന്ന സുചിത്രയെ പിന്നീട് അഭിമുഖത്തിൽ കാണാം. സുന്ദരക്കുട്ടപ്പൻ (SundaraKuttaPpan) എന്നതിനെ ചുരുക്കി ലാലേട്ടനെ സൂചിപ്പിക്കാൻ സുചിത്ര പറഞ്ഞിരുന്ന കോഡ് നെയിം ആണ് എസ്കെപി. “ചേട്ടന് ഇതറിയുമോയെന്ന് പോലും എനിക്കറിയില്ല”എന്നും സുചിത്ര ഇതിനോടൊപ്പം കൂട്ടിച്ചേർക്കുന്നുണ്ട്.
അന്നത്തെ കാലത്ത് വീട്ടിൽ വിവാഹോലചനകൾ വന്നുതുടങ്ങിയപ്പോഴാണ് തന്റെ പ്രണയം സുചിത്ര മാതാപിതാക്കളോട് തുറന്നുപറയുന്നത്. അമ്മയോടും അമ്മായിയോടും സുചിത്ര മനസുതുറന്നു.. തനിക്ക് പ്രണയമുണ്ട്, കക്ഷിയുടെ വീട് തിരുവനന്തപുരത്താണ്, അദ്ദേഹത്തെ കല്യാണം കഴിച്ചാൽ മതി.. സുചിത്രയുടെ വാക്കുകൾ കേട്ട് “ഏതോ ഒരു പയ്യൻ” എന്ന് കരുതിയ വീട്ടുകാർ പിന്നീട് ഞെട്ടി. നടൻ മോഹൻലാലിനെ ഇഷ്ടപ്പെടുന്നുവെന്നാണ് സുചിത്ര പറഞ്ഞത്. പിന്നീട് സുചിത്രയുടെ പിതാവ് (അന്തരിച്ച നടനും ചലച്ചിത്ര നിർമാതാവുമായ കെ. ബാലാജി) നടി സുകുമാരിയോട് കാര്യം അവതരിപ്പിക്കുകയും അവർ വഴി മോഹൻലാലിന്റെ കുടുംബത്തോടെ കാര്യം പറയുകയുമായിരുന്നു.















