കണ്ണൂർ: മട്ടന്നൂരിൽ സിനിമാ തിയറ്ററിൽ അപകടം. സഹിന തിയറ്ററിൽ ഷോ നടക്കുന്നതിനിടെ വാട്ടർ ടാങ്ക് പൊട്ടി സീലിംഗ് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. അപ്രതീക്ഷിതമായി അഗ്നിബാധ സംഭവിച്ചാൽ തീയണയ്‌ക്കാൻ നിർമിച്ച വാട്ടർ ടാങ്കാണ് തകർന്ന് വീണത്. പരിക്കേറ്റവരെ മട്ടന്നൂരിലെയും കണ്ണൂരിലെയും ആശുപത്രിയിലേക്ക് മാറ്റി. നാല് പേരുടെയും പരിക്ക് ഗുരുതരമല്ല.

നായാട്ടുപാറ കുന്നോത്ത് സ്വദേശികളായ വിജിൽ, സുനിത്ത്, കൂത്തുപറമ്പ് സ്വദേശികളായ ശരത്ത്, സുബിഷ എന്നിവർക്കാണ് പരിക്കേറ്റത്. ദുൽഖർ സൽമാൻ നായകനായ ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിന്റെ ഷോ നടക്കുന്നതിനിടെയായിരുന്നു അപകടം. സ്ലാബ് ദേഹത്ത് വീണാണ് കാണികൾക്ക് പരിക്കേറ്റത്. വാട്ടർ ടാങ്ക് തകർന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കൊപ്പം വെള്ളവും തിയറ്ററിനകത്തേക്ക് വീണു. കുറച്ച് പേർ മാത്രമേ ഷോ കാണാൻ എത്തിയിരുന്നുള്ളൂ എന്നതിനാൽ വൻ ദുരന്തം ഒഴിവായി.















