കൊൽക്കത്ത: പാർട്ടി ഓഫീസിൽ ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഉസ്തിയിലുള്ള പാർട്ടി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. പാർട്ടിയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്ന പൃഥ്വിരാജ് നസ്കർ എന്ന പ്രവർത്തകനാണ് മരിച്ചത്. സംഭവത്തിൽ ഒരു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് നസ്കറിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ അഞ്ച് മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അക്രമി പാർട്ടി ഓഫീസിന്റെ പിൻവശത്തെ വാതിലിലൂടെ രക്ഷപ്പെട്ടെന്നും പൊലീസ് കണ്ടെത്തി.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. നസ്കറുടെ ഫോൺ കോളുകളെ സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് യുവതിയിലേക്ക് എത്തിച്ചേർന്നത്. ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിച്ചെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ആർജി കാർ ആശുപത്രിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് ചുക്കാൻ പിടിച്ചത് നസ്കറായിരുന്നു. പ്രതിഷേധജാഥയ്‌ക്ക് പിന്നാലെ ടിഎംസി നേതാക്കൾ ഭീഷണി മുഴക്കിയിരുന്നുവെന്ന് പിതാവ് ആരോപിച്ചു.
സംഭവത്തിൽ ബിജെപി തൃണമൂൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി. പ്രദേശത്തെ പാർട്ടി അനുഭാവികളെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രാദേശിക ടിഎംസി പ്രവർത്തകരുടെ നേതൃത്വത്തിലാണ് നസ്കറിനെ കൊലപ്പെടുത്തിയതെന്ന് ബിജെപി ആരോപിച്ചു. പൃഥ്വിരാജിന്റെ ഘാതകരെ വെളിച്ചത്തുകൊണ്ടുവരികയും നീതി ലഭിക്കുന്നതുവരെയും പോരാട്ടം തുടരുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞു.















