ബെംഗളൂരു: ക്ലിനിക്കൽ ഡ്യൂട്ടിക്കെത്തുമ്പോൾ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കർശന നിർദ്ദേശം നൽകി കർണാടക. പഠിക്കുന്ന സമയത്ത് തന്നെ ശുചിത്വ മാനദണ്ഡങ്ങൾ ശീലിക്കേണ്ടത് അനിവാര്യമാണെന്ന് ഹാസനിലെ ഹോളനരസിപുരയിലുള്ള സർക്കാർ നഴ്സിംഗ് കോളേജ് അധികൃതർ അറിയിച്ചു. താടി വയ്‌ക്കാൻ പാടില്ല, നഖങ്ങൾ വെട്ടി വൃത്തിയാക്കുക, വൃത്തിയുള്ള വസ്ത്രം തുടങ്ങിയ അടിസ്ഥാനപരമായ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ക്ലിനിക്കൽ ക്ലാസുകൾ നൽകില്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പിന്നാലെ കശ്മീർ വിദ്യാർത്ഥികൾ രംഗത്തുവന്നു. താടി വയ്‌ക്കാൻ അനുവദിക്കുന്നില്ലെന്നും കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയതായും കശ്മീരി വിദ്യാർത്ഥികൾ ആരോപിക്കുന്നു. സംഭവത്തിൽ ജമ്മു കശ്മീർ സ്റ്റുഡൻസ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് കത്തയച്ചു. 24-ലേറെ വിദ്യാർത്ഥികളോടാണ് കോളേജ് അധികൃതർ താടി വടിച്ചെത്താൻ നിർദ്ദേശിച്ചത്. ഇത് വകവയ്‌ക്കാതെ ക്ലാസിലെത്തിയ കുട്ടികൾക്ക് അറ്റൻഡൻസ് നൽകിയില്ല. കോളേജിന്റെ നിർദ്ദേശങ്ങൾ വിദ്യാർത്ഥികളുടെ സാംസ്കാരികവും മതപരവുമായ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ കത്തിൽ ആരോപിക്കുന്നു. പ്രത്യേക വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചാണ് നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതെന്നും കത്തിൽ പറയുന്നു.
എന്നാൽ കോളേജ് അധികൃതർ ആരോപണം നിഷേധിച്ചു. പ്രാദേശിക വിദ്യാർത്ഥികൾ ഉൾപ്പടെ എല്ലാ വിദ്യാർത്ഥികളും ക്ലിനിക്കൽ ഡ്യൂട്ടിക്കെത്തുമ്പോൾ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാത്രമാണ് നിർദ്ദേശിച്ചതെന്നാണ് കോളേജിന്റെ വിശദീകരണം. മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ കോളേജ് അഡ്മിനിസ്ട്രേഷൻ കശ്മീരി വിദ്യാർത്ഥികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചതായാണ് വിവരം.















