കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം. നവീൻ ബാബു കൈക്കൂലി വാങ്ങിയോ എന്നതിന്റെ നിജസ്ഥിതി അറിയണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിപിഎം പെരിങ്ങോം ഏരിയ സമ്മേളനത്തിൽ പി.പി. ദിവ്യയുമായി ബന്ധപ്പെട്ട വിഷയം പരാമർശിച്ചായിരുന്നു ജയരാജന്റെ വാക്കുകൾ. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ ഘടകവും പാർട്ടി സംസ്ഥാന നേതൃത്വവും ആവർത്തിക്കുന്നതിനിടെയാണ് നവീൻ ബാബു കൈക്കൂലി വാങ്ങിയോ എന്നതിന്റെ നിജസ്ഥിതി പുറത്തുവരണമെന്ന് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി പരസ്യമായി ആവശ്യപ്പെടുന്നത്.
ചില പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. എഡിഎം കൈക്കൂലി വാങ്ങിയെന്ന് ഒരു കൂട്ടം പറയുന്നു. കൈക്കൂലി വാങ്ങുന്ന ആളല്ല എഡിഎം എന്ന് മറ്റൊരു കൂട്ടവും. ഇതിന്റെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ദിവ്യയുടെ പ്രസംഗം വല്ല രീതിയിലും ഇദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോയെന്നും അറിയേണ്ടതുണ്ട്. ആത്മഹത്യക്കുറിപ്പൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വസ്തുതകളൊന്നും ജനങ്ങൾക്ക് അറിയാത്തതുകൊണ്ടാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആയിരുന്നു എം.വി. ജയരാജന്റെ വാക്കുകൾ.
എഡിഎമ്മിന്റെ കുടുംബത്തെയോ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയംഗമായിരുന്ന ദിവ്യയെയോ തളളുകയോ കൊളളുകയോ ചെയ്യേണ്ട വിഷയമല്ല ഇത്. ഒരു മരണം സംഭവിച്ച കുടുംബമെന്ന നിലയിൽ എഡിഎമ്മിന്റെ കുടുംബത്തോടുളള എല്ലാ ഐക്യദാർഢ്യവും അവരുടെ വ്യസനത്തിൽ പങ്കുചേർന്ന് പാർട്ടി നടത്തിയിട്ടുണ്ട്. സംഘടനാധിഷ്ടിതമായ നടപടിയാണ് പാർട്ടി ദിവ്യയ്‌ക്കെതിരെ കൈക്കൊണ്ടത്. അത് ഞാൻ അംഗീകരിക്കുന്നുവെന്ന് ദിവ്യ പറഞ്ഞാൽ പിന്നെ എങ്ങനെയാണ് കറിവേപ്പില പോലെ തളളിക്കളയുന്നതെന്ന് എംവി ജയരാജൻ ചോദിച്ചു.
പിപി ദിവ്യ കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയപ്പോൾ മാദ്ധ്യമപ്രവർത്തകർ പ്രതികരണം തേടിയിരുന്നു. ഇതേക്കുറിച്ച് പരാമർശിക്കവേയായിരുന്നു എഡിഎം നവീൻ ബാബുവിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന എംവി ജയരാജന്റെ വാക്കുകൾ. ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ കണ്ണൂരിലെ സിപിഎം നേതാക്കൾ അവരെ കാണാൻ ജയിലിലെത്തിയതും ചർച്ചയായിരുന്നു. വിവാദമായ പെട്രോൾ പമ്പ് അനുവദിക്കാൻ എഡിഎം ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് അപേക്ഷ നൽകിയ പ്രശാന്തൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രശാന്തൻ നൽകിയ പരാതിയിലെ ആധികാരികത പോലും ഇതുവരെ ഉറപ്പിക്കാനായിട്ടില്ല.















