മകൾ ജീവിതത്തിലേക്ക് വന്നതോടെ സ്വഭാവത്തിൽ അടിമുടി മാറ്റം വന്നതായി തുറന്നുപറഞ്ഞ് വരുൺ ധവാൻ. മകൾ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്താൻ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിതൃത്വം വരുത്തിയ മാറ്റങ്ങളെക്കുറിച്ച് വരുൺ ധവാൻ പറഞ്ഞത്. മകൾക്ക് ഹാനിയുണ്ടാക്കുന്ന വിധത്തിൽ ഏതെങ്കിലും ഒരാൾ പെരുമാറിയെന്നറിഞ്ഞാൽ അവനെ വെറുതെ വിടില്ല. അവളെ സംരക്ഷിക്കുന്ന കാര്യത്തിൽ താനൊരു യോദ്ധാവായി മാറുമെന്നും വരുൺ ധവാൻ പ്രതികരിച്ചു.
“മാതാപിതാക്കൾ ആയിക്കഴിഞ്ഞാൽ, അമ്മയാണെങ്കിൽ പെൺസിംഹമാകും. ആണിനെ സംബന്ധിച്ചിടത്തോളം മക്കളുടെ സംരക്ഷണ ചുമതല അൽപം കൂടുതലായി അനുഭവപ്പെടും. പ്രത്യേകിച്ചും പെൺകുഞ്ഞാണെങ്കിൽ. അവളെ ആരെങ്കിലും ചെറുതായെങ്കിലും നോവിച്ചെന്ന് അറിഞ്ഞാൽ അയാളെ ഞാൻ കൊല്ലും. ഇത് വെറുതെ പറയുന്നതല്ല. ഞാൻ ചെയ്തിരിക്കും. അവനെ ഞാൻ കൊന്നിരിക്കും.” – വരുൺ ധവാൻ പറഞ്ഞു.
ഞാനൊരു അച്ഛനായപ്പോഴാണ് തന്റെ പിതാവിനെ കൂടുതൽ മനസിലാക്കിയത്. തന്റെയും തന്റെ കൂടപ്പിറപ്പുകളുടെയും കാര്യത്തിൽ അച്ഛൻ ഇത്രമാത്രം സംരക്ഷക സമീപനം കൈക്കൊണ്ടത് എന്തുകൊണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. കൃത്യസമയത്ത് വീട്ടിലെത്താതാകുമ്പോൾ അച്ഛൻ ദേഷ്യപ്പെട്ടിരുന്നതും ടെൻഷൻ അടിച്ചിരുന്നതും എന്തുകൊണ്ടാണെന്ന് ഇന്ന് മനസിലാക്കുന്നുവെന്നും താരം പ്രതികരിച്ചു.
ഇക്കൊല്ലം ജൂലൈയിലാണ് വരുൺ-നതാഷ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ലാറ എന്നാണ് മകളുടെ പേര്. തന്റെ കുടുംബ വിശേഷങ്ങൾ പരമാവധി സ്വകാര്യമാക്കാൻ ഇഷ്ടപ്പെടുന്നയാളാണ് വരുൺ. അതുകൊണ്ട് തന്നെ ലാറയുടെ ചിത്രം ഇതുവരെയും താരം പുറത്തുവിട്ടിട്ടില്ല.