പാലക്കാട്; കേരളത്തിൽ വഖ്ഫ് ബോർഡിന്റെ അധിനിവേശ ഭീഷണിയുളള 28 സ്ഥലങ്ങളുടെയും പട്ടിക പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മുനമ്പത്തുകാരെപ്പോലെ ബാക്കിയുളളവരും ഭീഷണിയിലായതിന് ബിജെപി ഉത്തരവാദിയല്ല. വഖ്ഫിന്റെ ഭീഷണി നേരിടുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് സർക്കാർ പറയട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
മുനമ്പം അധിനിവേശം ഒരു സ്ഥലത്ത് മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിലെ വഖ്ഫ് ഭൂമി എവിടെയൊക്കെ ആണെന്ന് നിങ്ങൾക്ക് അറിയാമോയെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് ചോദിച്ചു. ഇതുവരെ സർക്കാർ ആ പട്ടിക പുറത്തുവിട്ടിട്ടില്ല. വഖ്ഫ് അധിനിവേശ ഭീഷണി നേരിടുന്ന 28 സ്ഥലങ്ങൾ ഉണ്ടെന്ന് മാത്രമാണ് പറഞ്ഞിട്ടുളളത്. അത് ഏതൊക്കെയാണെന്ന് പറയട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലും കർണാടകയിലും ബോബെയിലും ഡൽഹിയിലുമെല്ലാം ഈ വിഷയമുണ്ട്. കൽപാത്തിയിലും നൂറണിയിലും ധോണിയിലും ഭീഷണിയുണ്ട്. കൽപ്പാത്തിയിലെ ജനങ്ങളും നൂറണിയിലും ധോണിയിലുമുളള ജനങ്ങളും തന്നോട് ആശങ്ക പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ശിവക്ഷേത്രമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ പരിസരത്തും വഖ്ഫ് അധിനിവേശ ഭീഷണിയുണ്ട്. മുനമ്പം പ്രതിഷേധം ശക്തമാക്കാനാണ് ആലോചിക്കുന്നത്. മുനമ്പത്ത് നിന്നും തിരുവനന്തപുരം വരെ വഖ്ഫ് കൈയ്യേറ്റം ബാധിക്കുന്ന പ്രദേശങ്ങളിലൂടെ വലിയ രീതിയിലുളള ബഹുജന പോരാട്ടം നടത്താനാണ് തീരുമാനം.
ചേലക്കരയിലെ ഒരു മുസ്ലീം പളളി ഭാരവാഹികൾ തന്നെ പളളി വഖ്ഫിന്റെതായതു കൊണ്ട് ആ ഭാഗത്തെ സ്ഥലങ്ങളൊക്കെ പോകുമെന്ന് നേരിട്ട് പറഞ്ഞിട്ടുണ്ട്. വലിയ തരത്തിലുളള അധിനിവേശമാണ് വഖ്ഫ് നടത്തിയിരിക്കുന്നതെന്നും കേരളത്തിൽ വ്യാപകമായ അശാന്തി പരത്തുന്നതാണ് ഈ അധിനിവേശമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വഖ്ഫ് വിഷയത്തിൽ വർഗീയത കളിക്കുന്നത് ബിജെപിയല്ല, എൽഡിഎഫും യുഡിഎഫുമാണ്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ആവശ്യപ്പെടുന്ന ഒരു വിഷയത്തിൽ അവർക്കൊപ്പം നിൽക്കാതെ എന്തിനാണ് എൽഡിഎഫും യുഡിഎഫും നിയമസഭയിൽ പ്രമേയം പാസാക്കിയതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.