ഉണ്ണി മുകുന്ദൻ മാസ് ലുക്കിലെത്തുന്ന മാർക്കോയുടെ തമിഴ് ടീസർ പുറത്തിറങ്ങി. മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് മാർക്കോയുടെ തമിഴ് ടീസറിനും ലഭിക്കുന്നത്. തമിഴ് ടീസർ ഇതിനോടകം വലിയ പ്രേക്ഷകശ്രദ്ധ നേടുകയാണ്.
ചിത്രത്തെ തമിഴ് ആരാധകർക്ക് പരിചയപ്പെടുത്തുന്നതിനായി
മാർക്കോയുടെ ടീസർ റിലീസ് ചെയ്യുമെന്ന് ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാർക്കോയുടെ ഹിന്ദി ടീസർ ബോളിവുഡ് നടൻ ജോൺ എബ്രഹാമും തെലുങ്ക് ടീസർ തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടിയുമാണ് റിലീസ് ചെയ്തത്.
4.7 മില്യൺ ആളുകളാണ് മാർക്കോയുടെ മലയാളം ടീസർ കണ്ടത്. മലയാളികൾക്ക് പുറമെ ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന മുഴുവൻ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്തുമസ് റിലീസായാണ് തിയേറ്ററുകളിൽ എത്തുന്നത്.
സസ്പെൻസും ത്രില്ലറും നിറച്ച, അതിഗംഭീര സിനിമയാണ് മാർക്കോ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോയുടെ പശ്ചാത്തലസംഗീതം ഒരുക്കുന്നത് എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.















