എരുമേലി: എരുമേലിയിൽ അയ്യപ്പൻമാർക്ക് ആചാരപരമായി ആവശ്യമുളള സാധനങ്ങൾക്ക് അന്യായമായി വില ഉയർത്തിയതിനെതിരെ നാമജപയാത്രയുമായി ശബരിമല കർമ്മസമിതി. വില ഏകീകരണം അട്ടിമറിക്കുന്ന ജമാഅത്ത് കമ്മിറ്റിയുടെ ഇടപെടൽ ദുരൂഹമെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ പറഞ്ഞു.
എരുമേലി കൊച്ചമ്പലത്തിൽ നിന്നും ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ശരണ മന്ത്രങ്ങളുമായി ഭക്തർ നീങ്ങി. അമ്മമാരടക്കമുളള വിശ്വാസി സമൂഹം നാമജപയാത്രയിൽ പങ്കെടുത്തു. സന്യാസ മാർഗദർശൻ മണ്ഡൽ സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ നാമജപയാത്ര ഉദ്ഘാടനം ചെയ്തു.
എരുമേലിയിലെ കച്ചവട കേന്ദ്രങ്ങളിൽ കൂടുതലും സ്ഥിതിചെയ്യുന്നത് എരുമേലി ജമാഅത്തിന്റെ ഭൂമിയിലാണ്. ഇവയുടെ ഇത്തവണത്തെ തറലേലം കഴിഞ്ഞുവെന്നും ഇനി വില ഏകീകരണം ഉണ്ടായാൽ വലിയ നഷ്ടമുണ്ടാകുമെന്നും പറഞ്ഞാണ് അന്യായ വില ഈടാക്കാനുളള തീരുമാനവുമായി മുന്നോട്ടുപോകുന്നത്. എരുമേലി ജമാഅത്തും താൽക്കാലിക കച്ചവടക്കാരും വില ഏകീകരണത്തെ എതിർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു ശബരിമല കർമ്മ സമിതി നാമജപയാത്ര നടത്തിയത്.
അയ്യപ്പഭക്തർക്ക് ആവശ്യമുളള സാധനങ്ങളുടെ വില ഏകീകരണം വേണ്ടെന്ന് പറയാൻ ജമാഅത്ത് കമ്മിറ്റിക്ക് ആരാണ് അധികാരം നൽകിയതെന്ന് ശശികല ടീച്ചർ ചോദിച്ചു. അത് തീരുമാനിക്കേണ്ടത് ഭക്തരാണ്. എരുമേലി മുഴുവൻ വഖ്ഫ് സ്വത്തായി പ്രഖ്യാപിച്ചോയെന്ന് അവർ ചോദിച്ചു. ശരക്കോല് വെക്കുന്ന അയപ്പന്റെ ആചാരത്തിന് വിലയിടാൻ തങ്ങൾ മാത്രം മതിയെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല അത് വർഗീയതയാണ് എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനും തയ്യാറാണെന്ന് കെപി ശശികല ടീച്ചർ പറഞ്ഞു.
കച്ചവടത്തിൽ ലാഭം വേണമെന്ന കാര്യം അംഗീകരിക്കുന്നു. പക്ഷെ ഒരു രൂപ ചില്ലറയ്‌ക്ക് കിട്ടുന്ന സാധനം 50 രൂപയ്‌ക്ക് അയ്യപ്പഭക്തർക്ക് കൊടുക്കണം എന്ന് പറയുന്ന ദുർവാശി ലാഭത്തിന് വേണ്ടി മാത്രമല്ലെന്ന് ശശികല ടീച്ചർ പറഞ്ഞു. ഭാഷയറിയാതെ അയ്യപ്പഭക്തി മാത്രം കൈമുതലാക്കി ഇവിടെ വരുന്ന ഭക്തരുണ്ട്. അവരെ ചൂഷണത്തിന് വിട്ടുകൊടുക്കാൻ സാദ്ധ്യമല്ല. അയ്യപ്പഭക്തരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിലനിലവാരം ഏകീകരിക്കണം. വരുന്ന അയ്യപ്പൻമാർ എല്ലാവരും കാശുളളവരല്ല. വരാനുളള മോഹം കൊണ്ട് മാത്രം പണമുണ്ടാക്കി വരുന്നവരും ഉണ്ട്.
അയ്യപ്പനെ വെറുമൊരു കറവപ്പശു മാത്രമായിട്ടാണ് പലരും കാണുന്നത്. മണ്ഡലകാലം മൂക്കിൻതുമ്പത്ത് എത്തിയിട്ടും വിലനിലവാരം ഏകീകരിക്കണോ എന്നതിൽ തീരുമാനമായിട്ടില്ല. മണ്ഡലകാലം പെട്ടന്ന് ഉണ്ടാകുന്നതല്ല. വൃശ്ചികമാസം രേഖപ്പെടുത്താത്ത ഒരു കലണ്ടറും ഇവിടെ കിട്ടുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ജമാഅത്ത് കമ്മിറ്റിക്കെതിരെയല്ല അവരെ ഇതിന് അനുവദിക്കുന്ന സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെയാണ് പ്രതിഷേധമെന്ന് അവർ പറഞ്ഞു.

മണ്ഡലകാലത്തിനു മുൻപ് വില ഏകീകരണം നടപ്പാക്കുക, ചൂഷണരഹിതവും സൗഹൃദപരവുമായ തീർത്ഥാടനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ശബരിമല കർമ്മസമിതി പ്രതിഷേധ നാമജപ യാത്ര നടത്തിയത്. ഭക്തരെ ദ്രോഹിക്കുന്ന നിലപാട് സംസ്ഥാന സർക്കാർ തുടർന്നാൽ തീർത്ഥാടന കാലയളവിലും ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്താനാണ് ശബരിമല കർമ്മസമിതിയുടെ തീരുമാനം.















