പാലക്കാട്: കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ഉപയോഗിക്കാത്ത ജനപ്രതിനിധികളാണ് വികസന മുരടിപ്പിന് കാരണക്കാരെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ഡബിൾ എഞ്ചിൻ സർക്കാരിന്റെ ശക്തി പാലക്കാട് നഗരസഭയിൽ ലഭിച്ചാൽ പാലക്കാടിനെ കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ ആസ്ഥാനമായി മാറ്റാനാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു. നഗരസഭയിലെ സിപിഎം പ്രതിനിധികളാണ് വികസന മുരടിപ്പിന് കാരണക്കാരെന്നും തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി പാലക്കാട് നടപ്പിലാക്കുന്നതിന് വേണ്ടി 221 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. അതിന്റെ പ്രവർത്തനങ്ങൾ നടക്കുമ്പോൾ എംബി രാജേഷായിരുന്നു അന്നത്തെ എംഎൽഎ. പദ്ധതി നടപ്പിലാക്കുന്നതിനായി അവരുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ഒരു രൂപ പോലും തന്നിട്ടില്ല. രാഷ്‌ട്രീയത്തിന്റെ പേരിൽ ഇത്തരത്തിലുള്ള കേന്ദ്ര പദ്ധതികൾ ബഹിഷ്കരിക്കുക എന്നതാണ് സിപിഎമ്മിന്റെ നയം.
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ നഗരസഭയിലേക്ക് നേരിട്ടെത്തിക്കാൻ കഴിയില്ല. എന്നാൽ നിയമസഭയിൽ ബിജെപി പ്രതിനിധി ഉണ്ടായാൽ കേന്ദ്ര പദ്ധതികൾ നഗരസഭയിലെത്തിക്കാൻ സാധിക്കും. അതിനുള്ള വേദിയായി ഈ തെരഞ്ഞെടുപ്പ് മാറ്റണം. ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നം, കർഷകരുടെ പ്രശ്നം എന്നിവയ്‌ക്കെല്ലാം പരിഹാരം കണ്ടെത്താനാകും. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ നടപ്പിലാക്കാനുള്ള അവസരം ലഭിച്ചാൽ പാലക്കാടിനെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാൻ സാധിക്കുമെന്നും സി കൃഷ്ണകുമാർ പറഞ്ഞു.