ഭാരതീയരെ സംബന്ധിച്ചിടത്തോളം നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ത്യയുടെ മരുമകനാണ്. ആന്ധ്രയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയവരുടെ മകളായ ഉഷ ചിലുകുരിയുടെ ഭർത്താവാണ് ജെ.ഡി വാൻസ്. ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി. ഉഷയെ പരിചയപ്പെട്ടതിന് ശേഷം ഹിന്ദുമതത്തിലേക്ക് ആകർഷിക്കപ്പെട്ട വാൻസ്, ഇന്ത്യൻ പാരമ്പര്യങ്ങളെയും ഭക്ഷണരീതികളെയും മുറുകെപിടിക്കുകയും ചെയ്തിരുന്നു. നോൺ വെജിറ്റേറിയൻ ആയിരുന്ന അദ്ദേഹം പ്യുവർ വെജിറ്റേറിയൻ ആയി മാറിയതും ഉഷയുടെ ‘ഇന്ത്യൻ ടച്ച്’ കാരണമാണ്.
‘ജോ റോഗൻ എക്സ്പീരിയൻസ്’ എന്ന ഷോയിലാണ് ഇന്ത്യൻ രുചികൾ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് വാൻസ് വ്യക്തമാക്കിയത്. പ്രൊസസ്ഡ് ഫുഡ് വേണ്ടുവോളം കഴിച്ചിരുന്ന വാൻസ്, ഉഷയെ പരിചയപ്പെട്ടതിന് ശേഷം അതെല്ലാം ഉപേക്ഷിച്ചു. വെജിറ്റേറിയൻ പാചകത്തിലേക്ക് വഴിമാറുകയും രുചികരമായ നിരവധി ഇന്ത്യൻ വിഭവങ്ങൾ പരീക്ഷിക്കുകയും ജീവിതത്തിൽ ശീലമാക്കുകയും ചെയ്തു.
വിപണികളിൽ ലഭ്യമായ പ്രൊസസ് ചെയ്ത് മാംസത്തെ വാൻസ് വിശേഷിപ്പിക്കുന്നത്, “നല്ലപോലെ സംസ്കരിച്ച മാലിന്യം” എന്നാണ്. പ്രൊസസ്ഡ് ആഹാരങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംഭാഷണം തുടങ്ങിയത്. സസ്യാധിഷ്ഠിത പദാർത്ഥങ്ങളിലേക്ക് മാറിയ ജീവിതശൈലി ആരോഗ്യത്തെ എത്രമാത്രം മെച്ചപ്പെടുത്തിയെന്ന് വാൻസ് പങ്കുവച്ചു. പച്ചക്കറികൾ കഴിക്കാനും വെജിറ്റേറിയൻ ഭക്ഷണരീതിയിലേക്ക് മാറാനുമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ “ഇന്ത്യൻ ഭക്ഷണം കഴിക്കൂ” എന്നാണ് വാൻസ് പറയുന്നത്. കാരണം അത്രമാത്രം വ്യത്യസ്തവും രുചികരവുമായ വെജിറ്റേറിയൻ ഓപ്ഷനുകൾ ഇന്ത്യൻ ഭക്ഷണത്തിലുണ്ട്. കഴിക്കുന്നതിലും ആഹാരം പാകം ചെയ്യുന്നതിലുമുള്ള തന്റെ വീക്ഷണങ്ങളെ അടിമുടി മാറ്റിയത് ഉഷയാണെന്നും വാൻസ് തുറന്നുസമ്മതിക്കുന്നു.
ഡേറ്റ് ചെയ്തിരുന്ന കാലത്ത് ഉഷയിൽ മതിപ്പുളവാക്കാൻ വെജിറ്റേറിയൻ മീൽ തയ്യാറാക്കി വിളമ്പിയത് വൻ ഫ്ലോപ്പായി പോയെന്ന കാര്യവും അദ്ദേഹം തമാശയോടെ ഓർത്തുപറഞ്ഞു. ഉഷയുടെ അമ്മയാണ് വാൻസിന് ഇന്ത്യൻ വിഭവങ്ങൾ പരിചയപ്പെടുത്തിയതും അവ പാചകം ചെയ്യാൻ പഠിപ്പിച്ചതും.