ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ സന്നിഹിതരായിരുന്നു.
ഡി.വൈ ചന്ദ്രചൂഡ് വിരമിച്ച ഒഴിവിലാണ് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സഞ്ജീവ് ഖന്നയെത്തിയത്. അടുത്ത വർഷം മെയ് 13 വരെയാണ് ഖന്നയുടെ നിയോഗം. ശേഷം വിരമിക്കും. ഡൽഹി സ്വദേശിയായ ഖന്ന ഡൽഹി സർവകലാശാലയുടെ ക്യാമ്പസ് ലോ കോളേജിലെ പൂർവവിദ്യാർത്ഥിയാണ്. ഡൽഹി ഹൈക്കോടതി ജസ്റ്റിസായിരുന്ന ദേവ് രാജ് ഖന്നയാണ് പിതാവ്. ലേഡി ശ്രീറാം കോളേജിലെ അദ്ധ്യാപികയായിരുന്നു അമ്മ സരോജ് ഖന്ന. അടിയന്തരാവസ്ഥ കാലത്ത് പ്രസ്താവിച്ച സുപ്രധാന വിധിയിലൂടെ ഓർമിക്കപ്പെടുന്ന സുപ്രീംകോടതി ജസ്റ്റിസ് ഹാൻസ് രാജ് ഖന്ന അടുത്ത ബന്ധുവാണ്.
2005-ൽ ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് ഖന്ന അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു. 2019-ലാണ് അദ്ദേഹം സുപ്രീം കോടതിയിലേക്ക് എത്തിയത്.















