ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ ഉപക്ഷേിക്കാനുള്ള ദേവസ്വത്തിന്റെ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർവി ബാബു. ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും ആചാരങ്ങൾ പരിപാലിക്കുന്നതിനും വേണ്ടിയാണ് ദേവസ്വം ബോർഡ് രൂപീകരിച്ചിട്ടുള്ളത്. എന്നാൽ ഇതിന് നേർ വിപരീതമായാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഏകാദശി ദിനത്തിലെ പൂജകളിൽ പ്രധാനമാണ് ഉദയാസ്തമനപൂജ. സൗകര്യം പോലെ അത് മറ്റൊരു മാസത്തിലേക്ക് മാറ്റുന്നത് അംഗീകരിക്കനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സൗകര്യം അനുസരിച്ച് മറ്റൊരു മാസത്തിലേക്ക് നീട്ടുന്നത് ക്ഷേത്രത്തിലെ ആചാരങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാണ്. ദേവസ്വം ബോർഡിന്റെ ഈ തീരുമാനം ക്ഷേത്രാചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ലംഘനമാണെന്നും അദ്ദേഹം തുറന്നടിച്ചു.
വിഷയത്തിൽ തന്ത്രി ദേവസ്വം ബോർഡിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് സംശയാസ്പദമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിപാലിക്കലാണ് തന്ത്രിയുടെ ദൗത്യം. ആ ദൗത്യം നിർവഹിക്കുന്നതിൽ നിലവിലെ തന്ത്രി പരാജയപ്പെട്ടു. അതുകൊണ്ടാണ് തന്ത്രി കുടുംബത്തിലെ മറ്റ് അംഗങ്ങൾ തന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. തന്ത്രി തീരുമാനത്തിൽ നിന്ന് പിന്മാറി ഭക്തരുടെ ആശങ്കകൾക്ക് പരിഹാരം കാണണം.
തിരക്ക് കാരണമാണ് ഉദയാസ്തമന പൂജ മറ്റൊരു ദിവസത്തേക്ക് മാറ്റിയതെന്നാണ് പറയുന്നത്. തിരക്ക് കാരണം മാറ്റി വയ്‌ക്കാനുള്ളതാണോ ക്ഷേത്രത്തിലെ ആചാരങ്ങൾ എന്ന് അദ്ദേഹം ചോദിച്ചു. തിരക്കിന് പരിഹാരം കാണേണ്ടത് മറ്റ് മാർഗത്തിലൂടെയാണ്. ദേവസ്വം ബോർഡിന്റെ തീരുമാനം അപലപനീയമാണ്. തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുവായൂർ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ ഉപേക്ഷിക്കാൻ ദേവസ്വം; ആചാരലംഘനത്തിന് ചരടുവലിച്ച് ബോർഡ്
ദേവസ്വം ബോർഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് തന്ത്രി കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ തന്ത്രി ദേവസ്വം ബോർഡിന്റെ നിലപാടിനോടാണ് യോജിക്കുന്നത്. ചേന്നാസ് മനയിലെ ഒൻപത് അംഗങ്ങളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഗുരുവായൂർ ദേവസ്വത്തിന് നോട്ടീസ് അയച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള പൂജാവിധികൾ മാറ്റിമറിക്കുന്നതിൽ ഭക്തരും കടുത്ത പ്രതിഷേധത്തിലാണ്.