ഷാർജ: മലയാള സാഹിത്യകാരന്മാർക്കെതിരെ എഴുത്തുകാരൻ ബി. ജയമോഹൻ. മലയാളത്തിലെ എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണെന്നാണ് ജയമോഹൻ പറഞ്ഞത്. നിലവാരമില്ലാത്തവരാണ് സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നത്. മലയാളികളെ മാത്രമല്ല, തമിഴൻമാരെയും വിമർശിച്ചിട്ടുണ്ട്. എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് ആരുടെ അംഗീകാരവും ആവശ്യമില്ലെന്നും ആരെന്ത് പറഞ്ഞാലും തനിക്ക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഹിറ്റായ സമയത്ത് മലയാളി യുവാക്കളെ ‘പെറുക്കി’ എന്ന് വിളിച്ചതിനെ കുറിച്ച് ഷാർജ പുസ്തകോത്സവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെറുക്കി എന്ന പദം ഉപയോഗിച്ചത്, നിയമത്തിന്റെ അകത്ത് നിൽക്കാത്തയാൾ എന്ന അർത്ഥത്തിലാണെന്നും അദ്ദേഹം പറഞ്ഞു. “കാട്ടിൽ ലിക്കർ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. തമിഴ്നാട്ടിലെ ഏത് കാട്ടിലും അത് ഇല്ലീഗലാണ്. എന്നാൽ ഇത് ചെയ്യുന്നവരെ ഗ്ലോറിഫൈ ചെയ്ത് സിനിമ പിടിക്കുക, അതെല്ലാം സാധാരണവത്കരിച്ച് കാണിക്കുക, ഇതൊക്കെയാണ് നടക്കുന്നത്. മലയാളത്തിലെ എഴുത്തുകാരും വിഭിന്നമല്ല.” – ജയമോഹൻ പറഞ്ഞു.
ബോക്സോഫീസ് ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിനെതിരെ ജയമോഹൻ നടത്തിയ പെറുക്കി പരാമർശം ഏറെ വിവാദമായിരുന്നു. തന്നെ അലോസരപ്പെടുത്തിയ സിനിമയാണ് മഞ്ഞുമ്മലെന്നും മലയാളികൾക്ക് മദ്യപിക്കാനും ഛർദ്ദിക്കാനുമല്ലാതെ വേറൊന്നും അറിയില്ലെന്നും പറഞ്ഞ എഴുത്തുകാരനെതിരെ വൻ വിമർശനമാണ് ഉയർന്നത്.















