ഇടുക്കി: ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കുമളിയിൽ ഭക്തർക്ക് വേണ്ടി യാതൊരുവിധ സൗകര്യങ്ങളും ഒരുക്കാൻ തയ്യാറാകാതെ ദേവസ്വം ബോർഡ്. അന്യസംസ്ഥാനങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന മേഖലയിലാണ് ദേവസ്വം ആവശ്യമായ ഒരുക്കങ്ങൾ സജ്ജമാക്കാത്തത്. വാഹനം പാർക്ക് ചെയ്യുന്നതിനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനോ പോലുമുള്ള സൗകര്യങ്ങൾ കുമളിയിൽ ഏർപ്പെടുത്തിയിട്ടില്ല.
ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവുമധികം ഭക്തർ കുമളിയിലെത്തുന്നത്. ഇവിടെ നിന്നാണ് ശബരിമലയിലേക്ക് തിരിക്കുന്നത്. ഈ പ്രദേശമാണ് മണ്ഡലകാലം ആരംഭിക്കാൻ അഞ്ച് ദിവസം മാത്രമുള്ളപ്പോഴും യാതൊരു ഒരുക്കങ്ങളുമില്ലാതെ തുടരുന്നത്.
മണ്ഡലകാലം ആരംഭിക്കുമ്പോൾ ആയിരക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും കുമളിയിലെത്തുന്നത്. സൗകര്യങ്ങൾ ഒരുക്കുന്നതിനായി പല തവണ വിവിധ വ
കുപ്പുകളുടെ യോഗം വിളിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ദേവസ്വം ബോർഡും മൗനത്തിലാണ്.
വീതി കുറഞ്ഞ വഴികളുള്ള ടൗണിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമില്ല. പകരം സംവിധാനമൊരുക്കാനാണ് കുമളി പഞ്ചായത്ത് അധികൃതരുടെ തീരുമാനം. തീർത്ഥാടകർക്ക് അടിയന്തര ചികിത്സ നൽകാനുള്ള സൗകര്യങ്ങളും ആശുപത്രികളിൽ ഒരുക്കിയിട്ടില്ല. ഇത്തവണയെങ്കിലും അസൗകര്യമില്ലാതെ മലചവിട്ടാനാകുമോ എന്ന ആശങ്കയിലാണ് തീർത്ഥാടകർ.