തിരുവനന്തപുരം: കഴിഞ്ഞ ദിവസം വർക്കലയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടൂർ നെടുമൺ സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കടലിൽ കുളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വർക്കല ആലിയിറക്കം ബീച്ചിലാണ് യുവാവിനെ തിരയിൽപ്പെട്ട് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഭാര്യക്കും ബന്ധുക്കൾക്കുമൊപ്പമാണ് ശ്രീജിത്ത് ബീച്ചിലെത്തിയത്.സുഹൃത്തിനൊപ്പം കടലിൽ കുളിക്കവേ ശക്തമായ തിരയിൽ പെടുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ പൊലീസിലും ഫയർഫോഴ്‌സിലും വിവരമറിയിച്ചു.
പൊലീസും ഫയർഫോഴ്‌സും മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ പുനരാരംഭിച്ച തെരച്ചിലിലാണ് ശ്രീജിത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സ്ഥിരമായി അപകടം നടക്കുന്ന മേഖലയാണിത്. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കർണാടക സ്വദേശിയായ വിദ്യാർഥിയും കടലിൽ മുങ്ങിമരിച്ചിരുന്നു.