ഡിപ്രഷൻ അഥവാ വിഷാദം ഇന്ന് നമ്മളെല്ലാം സാധാരണയായി ഉപയോഗിക്കുന്ന വാക്കാണ്. ‘ഞാൻ ഡിപ്രസ്ഡ്’ ആണ്, ‘ഡിപ്രഷനാണ്’ എന്നൊക്കെ പലരും കുറിക്കുന്നതും പതിവാണ്. ഏകാന്തതയാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം.
ഇപ്പോഴിതാ വിഷാദരോഗവും വിവാഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുതിയ പഠനങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വിവാഹിതർ വിഷാദത്തിലേക്ക് വഴുതി വീഴുന്നത് താരതമ്യേന കുറവായിരിക്കുമെന്നാണ് കണ്ടെത്തൽ. വിവാഹത്തിനോട് പുതുതലമുറയ്‌ക്ക് താത്പര്യം കുറയുന്നു എന്ന ചർച്ചകൾ ശക്തമായിരിക്കേയാണ് പഠനം പുറത്ത് വന്നിരിക്കുന്നത്.
അവിവാഹിതർക്ക് വിവാഹിതരേക്കാൾ വിഷാദരോഗ ലക്ഷണങ്ങൾ കൂടുതലാണെന്ന് പറനം പറയുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ പങ്കാളികൾ ഇല്ലാത്തവർ കൂടുതൽ വേഗത്തിൽ വിഷാദത്തിലേക്ക് വഴുതി വീഴാറുണ്ട്. എന്നാൽ കിഴക്കൻ രാജ്യങ്ങളിൽ ഇത് താരതമ്യേന കുറവാണ്. അവിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് അവിവാഹിതരായ പുരുഷന്മാർ രോഗ ലക്ഷണങ്ങൾ കൂടുതൽ കാണിക്കുന്നു. ഉന്നതവിദ്യാഭ്യാസ നിലവാരമുള്ളവർ വിദ്യാഭ്യാസം കുറഞ്ഞവരേക്കാൾ കൂടുതൽ വേഗത്തിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. .
വിവാഹവും വിഷാദവും എന്ന തലക്കെട്ടോടെ സൈക്കോളജി ടുഡേ എന്ന മാസികയിലാണ് വിശദമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസ്, ബ്രിട്ടൻ, മെക്സിക്കോ, അയർലൻഡ്, കൊറിയ, ചൈന, ഇന്തോനേഷ്യ തുടങ്ങി ഏഴ് രാജ്യങ്ങളിൽ നിന്നും അഞ്ച് കോടിയിലധികം ആളുകളുടെ ഡാറ്റയാണ് അവലോകനം ചെയ്തത്. മുൻപ് പാശ്ചാത്യ രാജ്യങ്ങളിൽ ചെറിയ ശതമാനം ആളുകളെ കേന്ദ്രീകരിച്ചാണ് ഇത്തരം പഠനങ്ങൾ നടന്നത്.