റാഞ്ചി: ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ വനവാസി പെൺകുട്ടികളെ വിവാഹം ചെയ്യുന്ന നുഴഞ്ഞുകയറ്റക്കാർക്ക് ഭൂമി കൈമാറുന്നത് തടയാൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനകം നുഴഞ്ഞുകയറ്റക്കാർ കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കുമെന്നും ഇത് യഥാർത്ഥ അവകാശികളായ വനവാസി കുടുംബങ്ങൾക്ക് തിരിച്ചുനൽകുമെന്നും അദ്ദേഹം പറഞ്ഞു.
“ജാർഖണ്ഡിൽ വനവാസി ജനസംഖ്യ കുറയുന്നു. നമ്മുടെ പെൺമക്കളെ വിവാഹം കഴിച്ച് നുഴഞ്ഞുകയറ്റക്കാർ ഭൂമി കൈയടക്കുന്നു. നുഴഞ്ഞുകയറ്റക്കാർക്ക് ഭൂമി കൈമാറുന്നത് തടയാൻ ഞങ്ങൾ നിയമം കൊണ്ടുവരും. അവരെ കണ്ടെത്തി തുരത്താൻ ഒരു കമ്മിറ്റിയും രൂപീകരിക്കും. നുഴഞ്ഞുകയറ്റക്കാർ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കണം,” സെറൈകെലയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ആഭ്യന്തരമന്ത്രി പറഞ്ഞു.
നുഴഞ്ഞുകയറ്റ പ്രശ്‌നം ഉന്നയിച്ചപ്പോഴാണ് ഇപ്പോൾ ബിജെപിയിൽ ചേർന്ന മുൻ ജെഎംഎം നേതാവ് ചമ്പായി സോറനെ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ അപമാനിച്ചത്. നുഴഞ്ഞുകയറ്റത്തെയും ആദിവാസി അവകാശങ്ങളെയും കുറിച്ച് സംസാരിച്ചതിനാണ് ചമ്പായി സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ നിർബന്ധിതനായതെന്നും അമിത് ഷാ പറഞ്ഞു.
1,000 കോടി രൂപയുടെ MNRGEA അഴിമതി, 300 കോടി രൂപയുടെ ഭൂമി കുംഭകോണം, 1,000 കോടി രൂപയുടെ ഖനന അഴിമതി, കോടികളുടെ മദ്യ കുംഭകോണം തുടങ്ങി നിരവധി വലിയ തട്ടിപ്പുകൾക്ക് പിന്നിൽ ജെഎംഎം നേതൃത്വത്തിലുള്ള സർക്കാരാണെന്ന് ഷാ ആരോപിച്ചു. കേന്ദ്രസർക്കാർ അനുവദിച്ച 3.90 ലക്ഷം കോടി രൂപ സർക്കാർ ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അധികാരത്തിലെത്തിയാൽ ഈ അഴിമതിക്കാരെയെല്ലാം ജയിലിൽ അടയ്‌ക്കുമെന്നും അമിത്ഷാ പറഞ്ഞു.