കോഴിക്കോട്: ആൾമാറാട്ടം നടത്തി മുദ്ര ലോൺ കൈപ്പറ്റിയെന്ന് പരാതി. മലപ്പുറം അരിക്കോട് സ്വദേശി റാഷിൻ യാസ്ലിനെതിരെ സഹോദരനാണ് രംഗത്ത് വന്നിരിക്കുന്നത്. വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ചാലിയം ബ്രാഞ്ചിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന പരാതി ഉയരുകയാണ്.
സഹോദരൻ വിദേശത്തായിരുന്ന സമയത്താണ് സംഭവം. സഹോദരന്റെ പേരിൽ വ്യാജരേഖ ചമച്ച് സ്റ്റാർട്ടപ്പ് കമ്പനി ഉണ്ടാക്കി. പിന്നാലെ കോഴിക്കോട് ചാലിയം ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. പിറ്റേന്ന് തന്നെ പത്ത് ലക്ഷം രൂപ ലോണായി കൈപ്പറ്റി. വിദേശത്തുള്ളയാൾ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. തുടർന്ന് ഇയാൾ ബേപ്പൂർ പൊലീസിൽ പരാതി നൽകി. എന്നാൽ നിസാരമായ വകുപ്പുകൾ മാത്രം ചുമത്തിയാണ് കേസെടുത്തതെന്നും അന്വേഷണം ഒച്ചിഴയുമ്പോലെയാണെന്നും സഹോദരൻ ആരോപിക്കുന്നു.















