പാലക്കാട്: അന്നമൂട്ടുന്ന കർഷകരെ അവഗണിക്കുന്ന സംസ്ഥാന സർക്കാരിന് അധികകാലം മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. കർഷകരെ ഇത്രയും കാലം കബളിപ്പിച്ചവരെ ജനം തിരിച്ചറിയണമെന്നും കർഷകരുടെ ദുരിതം ഒഴിയണമെങ്കിൽ എൻഡിഎ വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഷകമോർച്ചയുടെ നേതൃത്വത്തിൽ പാലക്കാട് നടന്ന ട്രാക്ടർ റാലിയിൽ പങ്കെടുത്ത ശേഷം
ജനം ടിവിയോട് സംസാരിക്കുകയായിരുന്നു കൃഷ്ണപ്രസാദ്.
പാലക്കാടും ചേലക്കരയുമൊക്കെ കാർഷിക മേഖലകളാണ്. ഇവിടെ ഇപ്പോഴും കൊയ്‌ത്ത് നടക്കുകയാണ്. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ല. അതിനെതിരെയാണ് ബിജെപി ട്രാക്ടർ റാലി നടത്തുന്നത്.
അന്നമൂട്ടുന്ന കർഷകരെ ഉപദ്രവകാരികളായാണ് സർക്കാർ കാണുന്നത്. അതുകൊണ്ടാണ് ഇതിനെതിരെ ഞങ്ങൾ പ്രതിഷേധം നടത്തുന്നത്. ഈ അവഗണനയുമായി സർക്കാരിന് അധികകാലം മുന്നോട്ട് പോകാൻ സാധിക്കില്ല. ഒരു ഉപഭോക്തൃ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. കർഷകർ ഈ നാട്ടിൽ ഇല്ലാതെയാകുന്ന അവസ്ഥ കേരളത്തിൽ ഉണ്ടാകാൻ പോവുകയാണ്.
ഭക്ഷ്യവസ്തുക്കൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നത് കൊണ്ടാണ് കേരളത്തിലെ കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നത്. കർഷകർ അതിന് വേണ്ടി കരുതലോടെ മുന്നിലേക്ക് പോയില്ലെങ്കിൽ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിച്ചെടുക്കാൻ നമുക്ക് സാധിക്കില്ല.
സ്ഥാനാർത്ഥി ആകുന്നതിന് മുമ്പ് തന്നെ കർഷകർക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് എൻഡിഎ സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാർ. അതുകൊണ്ട് തന്നെ അദ്ദേഹം അധികാരത്തിലെത്തിയാൽ തുടർന്നും കർഷകർക്കായി പ്രവർത്തിക്കുമെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.