കൊടുങ്ങല്ലൂർ; കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്ര ഭൂമിയിലേക്കും ആചാരങ്ങളിലേക്കുമുള്ള ഇടത് – ജിഹാദി കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു ഉദ്ഘാടനം ചെയ്തു.
കൊടുങ്ങല്ലൂർ ഭഗവതിയുടെ ഭൂമി ഇന്ന് പുറമ്പോക്ക് ഭൂമിയെന്നാണ് അധികാരികൾ ആക്കിയിട്ടുള്ളതെന്ന് ആർ.വി ബാബു പറഞ്ഞു. ആ ഭൂമി അമ്മയുടെ പേരിലാക്കാൻ ഹൈന്ദവ ജനത കേഴേണ്ടി വരുന്നു. ഭൂമി ഡിജിറ്റലൈസ് ചെയ്തപ്പോൾ ആളംപറമ്പിൽ കുഞ്ഞി മുഹമ്മദ് മകൻ ഖാദർ വക എന്നാക്കി മാറ്റി. തണ്ടപ്പേര് പൂജ്യം എന്ന് കിടക്കുന്നു. ഇത് അബദ്ധമല്ല ആസൂത്രിതമാണെന്നും ആർ.വി ബാബു ആരോപിച്ചു.
ദേവസ്വത്തിനോട് ഹൈന്ദവ സംഘടനകൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് അപേക്ഷ വില്ലേജ് ഓഫീസിൽ എത്തിയത്. അമ്മയുടെ ഭൂമി കവർന്നെടുക്കാൻ കൂട്ട് നിന്നവർ ആരാണെന്ന് വെളിച്ചത്ത് വരണം. ഇത് ഉയർത്തിക്കൊണ്ട് വന്നവർക്കെതിരെ പൊലീസ് കേസെടുത്തു. ഭഗവതിയുടെ ഭൂമി ഇന്നും പുറംപോക്കായി നിൽക്കുന്നു. ഹിന്ദുക്കൾ ഇനി ആരുടെ കാലാണ് പിടിക്കേണ്ടത്.. ആരോടാണ് യാചിക്കേണ്ടതെന്ന് ആർവി ബാബു ചോദിച്ചു.
ഭക്തജനങ്ങളുടെ വിശ്വാസങ്ങളെ തകർക്കുന്ന ആസൂത്രിത ശ്രമങ്ങൾ ദേവസ്വത്തിന്റെയും അധികാരികളുടെയും ഭാഗത്ത് നിന്ന് ഉണ്ടായി. കൊടുങ്ങല്ലൂരിൽ ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന അന്നദാനം നിർത്തിച്ചു. അത് ആരുടെ രാഷ്‌ട്രീയ താല്പര്യമാണെന്ന് അദ്ദേഹം ചോദിച്ചു.
വഖ്ഫിന്റെ ആക്ടിന് മുനമ്പം വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. ഇത് ഗൗരവമായി ചിന്തിക്കേണ്ടതാണ്. ആളം പറമ്പിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ ഖാദർ ഈ ഭൂമി വഖ്ഫ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. വർഷങ്ങൾക്ക് ശേഷം അതും സംഭവിക്കാം. കൊടുങ്ങല്ലൂരിലെ ഭൂമിയിലും വഖ്ഫിന്റെ അവകാശവാദം ഉയരാം.
തണ്ടപ്പേര് മാറ്റാൻ ഉത്തരവാദിത്വം ദേവസ്വം ബോർഡിനുണ്ട്. ഇനിയും ദേവസ്വം ബോർഡും റവന്യു വകുപ്പും അത് ചെയ്തില്ലെങ്കിൽ ദേവസ്വം പ്രസിഡന്റ് ഈ മണ്ണിൽ കാല് കുത്തില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇനിയും ഹിന്ദു സമൂഹത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും ആർവി ബാബു കൂട്ടിച്ചേർത്തു.
തലപ്പള്ളിയിലെ ഇരുപതോളം കുടുംബങ്ങൾക്ക് ഇപ്പോൾ വഖ്ഫ്് ബോർഡ് നോട്ടീസ് അയച്ചിരിക്കുന്നു ജമാഅത്തെ കമ്മിറ്റിക്കാരുടെ പരാതിയിലാണ് നോട്ടീസ്. നാളെ കൊച്ചിൻ – കൊടുങ്ങല്ലൂർ ദേവസ്വം ബോർഡിന് നോട്ടീസ് വന്നാൽ അത്ഭുതപ്പെടേണ്ടതില്ല. കൊടുങ്ങല്ലൂരിലെ ഭൂമി സംരക്ഷിക്കാൻ ദേവസ്വം ബോർഡിനെ ആശ്രയിച്ച് മുന്നോട്ട് പോയാൽ കാര്യമുണ്ടാകില്ല.
കേരളത്തിലെ 5 ദേവസ്വം ബോർഡുകളുടെയും ചരിത്രത്തിൽ ദേവസ്വത്തിന്റെ സ്ഥലം സംരക്ഷിച്ചതായോ നിലനിർത്തിയതായോ തിരിച്ചെടുത്തതായോ കാണാനാകില്ല. തിരുവനന്തപുരം പാളയത്ത് ഒരു ശാസ്താ ക്ഷേത്രം ഉണ്ട്. ആ സ്ഥലത്ത് ഇന്ന് മിച്ചമുള്ളത് എത്രയാണെന്ന് അദ്ദേഹം ചോദിച്ചു. എവിടെപ്പോയി ബാക്കി സ്ഥലം എന്നതിന് തിരുവിതാംകൂർ ദിവസ്വം ബോർഡിന് മറുപടി ഇല്ല.
മൂർക്കനാട് ക്ഷേത്രഭൂമി സംരക്ഷിക്കാൻ മുന്നോട്ട് വന്ന 70 പേർക്കെതിരെയാണ് കേസെടുത്തത്. കൂടൽമാണിക്യം ദേവസ്വത്തിന്റെ ഭൂമി വിഷയത്തിൽ ഹിന്ദു സംഘടനകളാണ് പ്രതിഷേധം ഉയർത്തിയത്. മലബാർ ദേവസ്വം ബോർഡിന് നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിച്ചിട്ടില്ല. പന്തല്ലൂരിൽ ക്ഷേത്രഭൂമിയായ 900 ഏക്കർ ഭൂമി മലയാള മനോരമ കൈയ്യടക്കി വെച്ചിരുന്നു. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ അത് തിരികെ നൽകേണ്ടി വന്നു.
രക്തം ഊറ്റികുടിക്കുന്ന അട്ടയാണ് ദേവസ്വം ബോർഡ്. ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിവസം നടക്കുന്ന ഉദയാസ്തമന പൂജ വേണ്ട എന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു. വഴിപാടുകൾ മാറ്റി വെക്കുന്നു. ഇതൊക്കെ ആരുടെ നിർദ്ദേശപ്രകാരമാണെന്ന് അദ്ദേഹം ചോദിച്ചു. ഒറ്റരാശി പ്രയോഗത്തിലൂടെയാണ് ദേവപ്രശ്‌നം വെച്ചതെന്നാണ് പറയുന്നത്. തിരക്ക് കുറയ്‌ക്കാൻ എന്നാണ് പറയുന്നത്. ഉദയാസ്തമന പൂജ നടത്തിയാൽ അഞ്ച് തവണ നട അടച്ചു തുറക്കേണ്ടി വരുമെന്നാണ് ന്യായം. അങ്ങനെയെങ്കിൽ നാളെ എല്ലാ പൂജയും വേണ്ടെന്ന് വെക്കേണ്ടി വരുമല്ലോയെന്ന് അദ്ദേഹം പറഞ്ഞു. ധൂർത്തനായ പുത്രൻ മാത്രമല്ല, ഹിന്ദു സമൂഹത്തിന്റെ കാലിലെ മന്താണ് ദേവസ്വം ബോർഡ്. ഹിന്ദു സമൂഹത്തിന്റെ വിശ്വാസത്തെ മുറിവേൽപ്പിക്കുകയാണ് ദേവസ്വംബോർഡ് ചെയ്യുന്നതെന്നും ആർ.വി ബാബു തുറന്നടിച്ചു.
ദേവസ്വം ബോർഡിനെ വിശ്വസിച്ച് ക്ഷേത്രങ്ങളെ സംരക്ഷിക്കാൻ ഹിന്ദു സമൂഹത്തിന് കഴിയില്ല. അമ്പലം ഉഴുതുമറിച്ച് കപ്പ നടണമെന്നും ക്ഷേത്രത്തിലെ വിഗ്രഹം വെറും കല്ലാണെന്നും വിഗ്രഹങ്ങൾ തകർക്കണമെന്നും പറഞ്ഞ് നിരീശ്വര വാദത്തിന്റെ മുദ്രാവാക്യം മുഴക്കിയവർ അത് വിജയിക്കാതെ വന്നപ്പോൾ ക്ഷേത്ര കമ്മിറ്റികളിൽ നുഴഞ്ഞു കയറുകയാണ്. കൊടുങ്ങല്ലൂരിലും അത് ഉണ്ടായി. എക്‌സിക്യൂട്ടീവ് ഓഫീസർ എകെജി സെന്ററിലെ ഉത്തരവ് നടപ്പാക്കുന്നു. വടക്കുംനാഥനിലും തൃപ്രയാറുമൊക്കെ ഉത്തരവ് നടപ്പാക്കുന്നു. ശബരിമല യുവതീ പ്രവേശനത്തിൽ ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലം അദ്ദേഹം ഓർമ്മിപ്പിച്ചു.
ശബരിമലയിൽ സേവന പ്രവർത്തനങ്ങൾ നടത്തിയ ഹൈന്ദവ സംഘടനകളെ മുഴുവൻ പുറത്താക്കി. ഗുരുവായൂരിൽ തിരക്ക് പറഞ്ഞ് ഉദയാസ്തമന പൂജ മാറ്റുന്നു. ശബരിമലയിൽ തിരക്ക് ആണെന്ന് പറഞ്ഞ് സ്‌പോട്ട് ബുക്കിങ് നിർത്തലാക്കി. ഇത് കമ്യൂണിസ്റ്റ്കാരുടെ ഉത്തരവാണ്. ക്ഷേത്ര ഭൂമികൾ കയ്യേറുന്നു. കേരളത്തിൽ ഹൈന്ദവ സംഘടനകളുടെ വിമോചന സമരം തുടങ്ങാൻ സമയമായി. അതിന്റെ ഞാണൊലിയാണ് കൊടുങ്ങല്ലൂരിൽ നിന്ന് ഉയരുന്നതതെന്നും ഇനിയും കണ്ണും കയ്യും കെട്ടി നോക്കി ഇരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ സ്വാമി ദേവ ചൈതന്യ ഉൾപ്പെടെയുളളവരും പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.