ആലപ്പുഴ: വീണ്ടും കുറുവ സംഘത്തിന്റെ ആക്രമണം. മണ്ണഞ്ചേരി കോമളപുരത്താണ്
ആക്രമണമുണ്ടായത്. മണ്ണഞ്ചേരി പഞ്ചായത്തിലെ 11,12 വാർഡുകളിലാണ് കുറുവ സംഘം എത്തിയത്. രണ്ട് വീടുകളിൽ സംഘം കവർച്ച നടത്തി. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം.
വാതിൽ പൊളിച്ച് വീട്ടിനകത്ത് കയറിയ മോഷ്ടാക്കൾ വീട്ടമ്മയുടെ മാല കവർന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് എത്തി പ്രാഥമിക പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ഈ മാസം ആദ്യവാരവും കുറുവ മോഷണസംഘം പ്രദേശത്തെത്തി ആക്രമണം നടത്തിയിരുന്നു. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപത്തായിരുന്നു സംഘം എത്തിയത്. വീടിന്റെ അടുക്കള വാതില്‍ തുറന്ന് മോഷ്ടാക്കള്‍ അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. സംഭവത്തിൽ കുറുവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം കൂടി റിപ്പോർട്ട് ചെയ്തത്.















