ഭക്ഷണത്തിന് ശേഷം അൽപ്പം മധുരം കഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്..? ചിലർക്ക് ഇതൊരു ശീലമായിരിക്കാം. എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നവരും ആഹാരത്തിന് ശേഷം കുറച്ച് മധുരം കഴിക്കാറുണ്ട്. പൊതുവെ മധുരപ്രിയരാണ് നമ്മളിൽ പലരും. മധുരപലഹാരങ്ങൾ കഴിക്കുന്നവർക്ക് വേണ്ടിയും പുതിയ പലഹാരങ്ങൾ വീട്ടിൽ പരീക്ഷിക്കുന്നവർക്ക് വേണ്ടി ഒരു കിടിലം സ്മൂത്തി പരിചയപ്പെടുത്താം. പോഷകഘടകങ്ങൾ നിറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ചുള്ള ഡെസേർട്ട് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്.
രക്തസമ്മർദ്ദം നിയന്ത്രിക്കാനും ആൻ്റിഓക്‌സിഡൻ്റുകൾ വർദ്ധിപ്പിക്കാനും ഈ സ്മൂത്തി നല്ലതാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് സ്ഥിരമായി ഭക്ഷണത്തിന് ശേഷം കഴിക്കുന്നതും ഉത്തമമായിരിക്കും. ഫ്രിഡ്ജിൽ വച്ച് ഒരുപാട് ദിവസം ഉപയോഗിക്കാനും സാധിക്കം. എളുപ്പത്തിൽ അനായാസം ഉണ്ടാക്കാൻ സാധിക്കുന്ന സ്മൂത്തി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഏത്തപ്പഴം – 2 എണ്ണം
കശുവണ്ടി- 1/3 കപ്പ്
പാൽ – 1/4 കപ്പ്
ചോക്ലേറ്റ് പൗഡർ- 2 ടേബിൾ സ്പൂൺ
ബിസ്ക്കറ്റ്- 4,5 എണ്ണം
പഞ്ചസാര- ആവശ്യാനുസരണം
തയ്യാറാക്കുന്ന വിധം
ആദ്യം ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന ഏത്തപ്പഴം മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന കശുവണ്ടിയും പാലും ചേർത്ത് ഒന്നുകൂടി അരച്ചെടുക്കണം. രുചിക്കായി ബിസ്ക്കറ്റ് ഇടാവുന്നതാണ്. ഇതിന് ശേഷം ചോക്ലേറ്റ് പൗഡർ കൂടിയിട്ട് നന്നായി മിക്സ് ചെയ്ത് ഗ്ലാസിലേക്ക് മാറ്റാം. ഏത്തപ്പഴസ്മൂത്തി റെഡി.
കൊക്കോ പൊടിയിൽ അടങ്ങിയിരിക്കുന്ന തിയോബ്രോമിൻ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ഈ സ്മൂത്തി കുടിക്കുന്നത് പ്രയോജനകരമായിരിക്കും.