ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവങ്ങളിലൊന്നായിരിക്കും പൂരി. രാവിലെ നല്ല ചൂട് പൂരിയും കിഴങ്ങുകറിയുമാണെങ്കിൽ പിന്നെ സെറ്റായി. എണ്ണയിൽ വറുത്തെടുക്കുന്നതാണെങ്കിലും ഇഷ്ടവിഭവങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് പൂരി.
എണ്ണയുടെ അംശമാണ് പലരെയും പൂരിയിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. എന്നാൽ എണ്ണയില്ലാതെ പൂരി ഉണ്ടാക്കാമെന്ന് പറഞ്ഞലോ? മാവ് പരത്താതെ, എണ്ണയില്ലാതെ സ്വാദൂറുന്ന പൂരി കഴിച്ചാലോ? തമാശയായി തോന്നാമെങ്കിലും സംഭവം ഉള്ളതാണ്. ദാ കിടിലൻ റെസിപ്പി ഇതാ..
ചേരുവകൾ
- ഗോതമ്പ്-ഒരു കപ്പ്
- മൈദ-ഒരു കപ്പ്
- ഉപ്പ്
- ബേക്കിംഗ് സോഡ
- എണ്ണ
- വെള്ളം
തയ്യാറാക്കുന്ന വിധം
ഗോതമ്പും മൈദയും സമമെടുക്കുക. ഉപ്പും ബേക്കിംഗ് സോഡയും ഒരു സ്പൂൺ എണ്ണയും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴച്ചെടുക്കുക. പത്ത് മിനിറ്റ് മാവ് മാറ്റി വയ്‌ക്കുക.
ചെറിയ ഉരുളകളാക്കുക. ഈ ഉരുളയിൽ ചെറുതായിട്ട് എണ്ണ തടവി പ്ലാസ്റ്റിക് ഷീറ്റിൽ വയ്‌ക്കുക. ഒരു പാത്രം വച്ച് കൈ കൊണ്ട് അമർത്തുക. പരത്തിയെടുത്തവ ഇഡ്ഡലി പാത്രത്തിൽ ആവി കയറ്റിയെടുക്കുക. മൂന്ന് മിനിറ്റ് നേരം വേവിക്കുക. ശേഷം മറിച്ചിടുക. മൂന്ന് മിനിറ്റ് വേവിക്കുക.
കുക്കറിൽ ചെറിയൊരു പാത്രം വച്ച് ചൂടാക്കുക. ഇഡ്ഡലി തട്ടിൽ വേവിച്ചെടുത്ത പൂരി കുക്കറിൽ വച്ച് അടച്ചുവയ്‌ക്കുക. വേയിറ്റ് നീക്കിയ ശേഷം 15 മിനിറ്റോളം തീ കുറച്ച് വേവിക്കുക. കുക്കർ പൂരി റെഡി.