ചിരട്ട- തേങ്ങ ചിരകി കഴിഞ്ഞാൽ കിട്ടുന്ന വെറും ‘പാഴ്വസ്തു’. പിന്നെ വേണമെങ്കിൽ തീ കത്തിക്കുമ്പോൾ കൂടെയിട്ട് കത്തിക്കാം. അതിൽ കവിഞ്ഞൊരു ഉപയോഗവും ഇല്ലെന്ന് കരുതി അവഗണിക്കുന്ന ചിരട്ട ഇന്ന് താരമാണ്. മനസ് വെച്ചാൽ ചിരട്ടയിൽ നിന്ന് കാശുണ്ടാക്കാം.
ചിരട്ടയിൽ നിന്ന് കരകൗശല വസ്തുക്കൾക്കും മറ്റ് ഉപകരണങ്ങൾക്കും ഇന്ത്യക്ക് അകത്തും പുറത്തും ആവശ്യക്കാരേറെയാണ്. പണ്ടുകാലത്തെ ചിരട്ട തവിയും പാത്രവുമൊക്കെ കടൽ കടന്ന് ഹിറ്റാകുകയാണ്. എന്നാൽ അധികം ആർക്കും അറിയാത്ത, എന്നാൽ വൻ വിപണനസാധ്യതയുള്ള ഒന്നാണ് ചിരട്ട പൊടി അഥവാ ചിരട്ടക്കരി. ചന്ദനത്തിരിയുടെയും കൊതുതിരിയുടെയുമൊക്കെ പുകയ്‌ക്ക് പിന്നിൽ ചിരട്ട പൊടിയാണെന്ന് എത്ര പേർക്കറിയാം? ഇതിന് പുറമേ പ്ലൈവുഡ്, പ്ലാസ്റ്റിക് വ്യവസായം എന്നിവയിലെല്ലാം ചിരട്ടയുടെ പൊടി അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്നുണ്ട്. ചാർക്കോൾ നിർമ്മാണ മേഖലയിൽ പ്രധാനിയാണ് ചിരട്ടക്കരി.
കേരളത്തിൽ നിന്നും തമിഴ്നാട് വിപണിയിലേക്കാണ് ചിരട്ടക്കരിയേറെയും കയറ്റുമതി ചെയ്യുന്നത്. ചിരട്ട ഉയർന്ന ഊഷ്മാവിൽ കരിച്ചെടുക്കുമ്പോൾ ആക്റ്റിവേറ്റഡ് കാർബൺ അഥവാ ഉത്തേജിതകരി ലഭിക്കുന്നു. ആണവ വികിരണത്തെ വരെ പ്രതിരോധിക്കാൻ ഇതിന് കഴിവുണ്ട്. പഴച്ചാറുകൾ, സസ്യ എണ്ണ, ഗ്ളിസറിൻ, ശർക്കര, പഞ്ചസാര എന്നിവ ശുദ്ധീകരിക്കാനും സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമാണത്തിനും ചിരട്ടപ്പൊടി വ്യാപകമായി ഉപയോഗിക്കുന്നു. വെള്ളത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനുള്ള കഴിവും ഇതിനുണ്ട്.
വൻ വിപണന സാധ്യതയാണ് ചിരട്ടക്കരി നൽകുന്നത്. ഒരു ടൺ ചിരട്ടയിൽ നിന്ന് 300 കിലോഗ്രാം ഉത്തേജിതകരി ലഭിക്കുമെന്നാണ് കണക്ക്. ഇടത്തരം കൊതുകുതിരി നിർമാണ യൂണിറ്റിന് പ്രതിമാസം 500 ടൺ ചിരട്ട പൊടി വേണ്ടിവരും. വൻകിട യൂണിറ്റാണെങ്കിൽ ഇതിന്റെ അളവ് പ്രതിമാസം 2500 ടണ്ണാകും. ഇന്ത്യയിൽ മാത്രം 1000-ത്തോളം കൊതുകുതിരി നിർമാണ യൂണിറ്റുണ്ടെന്നാണ് കണക്ക്. ചന്ദനത്തിരി നിർമാണ യൂണിറ്റുകളും ആയിരക്കണക്കിനുണ്ട്. നല്ല മൂത്ത ഉണങ്ങിയ ചിരട്ടയാണ് ചിരട്ടപ്പൊടി നിർമിക്കാനായി ഉപയോഗിക്കുന്നത്. ഇതിനായി പ്രത്യേകം യന്ത്രങ്ങളും ലഭ്യമാണ്.