ന്യൂഡൽഹി: ലോകത്തിന്റെ ഡ്രോൺ ഹബ്ബായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കും ആത്മനിർഭർ ഭാരതിന്റെ ഭാഗമായുള്ള മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കും മുതൽക്കൂട്ടാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിൽ സംഘടിപ്പിച്ച ഡൽഹി ഡിഫൻസ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ലോകത്തിന്റെ ഡ്രോൺ ഹബ്ബാക്കി മാറ്റാൻ സർക്കാർ നിരവധി സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്. സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ മെച്ചപ്പെടുത്തി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിനുളള അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ iDEX ,ADITI എന്നീ സ്കീമുകളുടെ സഹായത്തോടെയുള്ള കണ്ടെത്തലുകൾക്ക് പ്രതിഫലവും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഡ്രോണുകളും പുത്തൻ സാങ്കേതിക വിദ്യകളും, യുദ്ധ രീതികളിലും തന്ത്രങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കര, ജലം, വായു എന്നീ മൂന്ന് തലങ്ങളെ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത യുദ്ധരീതി മാറിയിരിക്കുന്നു. ഇവിടേക്ക് സാങ്കേതിക വിദ്യയും ഡ്രോണുകളുടെ കണ്ടുപിടിത്തവും കടന്നുവന്നതോടെ പ്രതിരോധമേഖല അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇതിനോടകം തന്നെ നൂറിലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. 2023 -2024 കാലയളവിൽ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയത് അമേരിക്ക, ഫ്രാൻസ്,അർമേനിയ എന്നീ രാജ്യങ്ങൾക്ക് വേണ്ടിയാണ്. 2029 ഓടെ 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയെന്ന ലക്ഷ്യം കൈവരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെന്നും പ്രതിരോധമന്ത്രി പറഞ്ഞു.