കൊച്ചി: സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മികച്ച മേളയായിരുന്നു കൊച്ചിയിലേതെന്നും മന്ത്രി അവകാശപ്പെട്ടു. . സമാപന സമ്മേളനം നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്കൂളിന്റെ പേരിലുള്ള തർക്കം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
തിരുനാവായ നാവാമുകുന്ദ സ്കൂളാണ് പരാതി ഉന്നയിച്ചത്. സ്കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ വച്ച് തന്നെ കൂ ടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് താൻ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാൻ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
ലോകത്ത് എവിടെ മത്സരം നടന്നാലും തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാവാറുണ്ട്. അവ പരിഹരിക്കാൻ വ്യവസ്ഥാപിത രീതികളും ഉണ്ട്. അപ്പീൽ കമ്മിറ്റിയും കോടതികളുമുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആദ്യ സ്കൂൾ ഒളിമ്പിക്സിന്റെ സമാപന സമ്മേളനത്തെ അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി ഈ രണ്ട് സ്കൂൾ അധികൃതർക്കാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കായികമേള അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരുടെ ആവശ്യം സ്പോർട്സ് സ്കൂളിനെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും കൂടുതൽ പോയിന്റ് ആ സ്കൂളുകൾക്ക് നൽകണമെന്നായിരുന്നു. 2018 ഓഗസ്റ്റ് 17 നാണ് കേരള സ്കൂൾ കായികമേളയുടെ മാനുവൽ പരിഷ്കരിച്ചത്. ഇതിൽ ഒരിടത്തും ജനറൽ സ്കൂൾ എന്നും സ്പോർട്സ് സ്കൂൾ എന്നും വേർതിരിവ് വേണമെന്ന് പറയുന്നില്ലെന്നാണ് മന്ത്രിയുടെ പക്ഷം.