ധാക്ക: ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രങ്ങൾ ഇടക്കാല സർക്കാർ മുഹമ്മദ് യുനൂസിന്റെ ഓഫീസിൽ നിന്നും നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശ് സ്ഥാപക നേതാവും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമാണ് ഷെയ്ഖ് മുജീബുർ റഹ്‌മാൻ. മുഹമ്മദ് യുനൂസിന്റെ അസിസ്റ്റന്റായ മഹ്ഫൂസ് അലാമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബംഗഭബനിലെ ദർബാർ ഹാളിലുണ്ടായിരുന്ന ചിത്രമാണ് നീക്കം ചെയ്തതെന്നും മഹ്ഫൂസ് പറഞ്ഞു. ഹസീനയെ പുറത്താക്കിയതിന് ശേഷം മുജീബുർ റഹ്‌മാന്റെ ചിത്രങ്ങൾ ബംഗഭബാനിൽ നിന്ന് നീക്കം ചെയ്യാൻ സാധിച്ചില്ലെന്നത് ലജ്ജാകരമാണ്. മുജീബുറിന്റെ ചിത്രം, പ്രസിഡന്റ് ഓഫീസിലിരിക്കുന്നത് പ്രക്ഷോഭങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ചിത്രം നീക്കം ചെയ്ത് പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണെന്നും അലാം പറഞ്ഞു.
ഇടക്കാല സർക്കാരിന്റെ പ്രവൃത്തിയിൽ അപലപിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി രംഗത്തെത്തി. സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപുറപ്പെട്ടത്തിന് പിന്നാലെ ഷെയ്ഖ് ഹസീനയ്‌ക്കും അവരുടെ പിതാവിന്റെ പാരമ്പര്യത്തിനെതിരെയും ബംഗ്ലാദേശികൾക്കിടയിൽ നീരസത്തിന് വഴിവച്ചിരുന്നു. എന്നാൽ മുജീബുർ റഹ്‌മാന്റെ ചിത്രം നീക്കം ചെയ്തത് അസ്വീകാര്യമായ പ്രവൃത്തിയാണെന്ന് ബിഎൻപി വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുജീബുർ റഹ്‌മാന്റെ ചരമ വാർഷികത്തോടുബന്ധിച്ച് വരുന്ന ദേശീയ അവധികൾ യുനൂസ് സർക്കാർ നിരോധിച്ചിരുന്നു. കറൻസികളിൽ നിന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഓഫീസുകളിലുള്ള മുജീബൂർ റഹ്‌മാന്റെ ചിത്രങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടത്.