റാഞ്ചി: തന്റെ പേര് ദുരുപയോഗം ചെയ്ത് മുൻ ബിസിനസ് പങ്കാളികൾ ക്രിക്കറ്റ് അക്കാദമികൾ തുടങ്ങുന്നുവെന്ന ധോണിയുടെ പരാതിയിൽ നിയമപോരാട്ടം ഹൈക്കോടതിയിലേക്ക്. ധോണിയുടെ മുൻ ബിസിനസ് പങ്കാളികളായ മിഹിർ ദിവാകർ, സൗമ്യ ദാസ് എന്നിവർ നൽകിയ ഹർജിയിൽ ജാർഖണ്ഡ് ഹൈക്കോടതി ധോണിക്ക് നോട്ടീസ് അയച്ചു.
ധോണി നൽകിയ പരാതിയിൽ ഇവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇരുവരും നൽകിയ ഹർജിയാണ് ജാർഖണ്ഡ് ഹൈക്കോടതി പരിഗണിക്കുന്നത്. വിഷയത്തിൽ ധോണിയുടെ നിലപാട് അറിയാൻ വേണ്ടിയാണ് കോടതി വിളിച്ചുവരുത്തുന്നത്.
തന്റെ പേര് ദുരുപയോഗം ചെയ്ത് ജാർഖണ്ഡിലുടനീളം ഇരുവരും ക്രിക്കറ്റ് അക്കാദമികൾ തുറക്കുകായണെന്നും തനിക്ക് 15 കോടിയോളം രൂപ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ധോണിയുടെ പരാതി. 2021 ൽ ഇവരുമായുളള കരാർ പിൻവലിച്ച ശേഷവും ഇത് തുടർന്നതായും താരം ആരോപിച്ചിരുന്നു.
മിഹിറും സൗമ്യയും ഡയറക്ടർമാരായിട്ടുളള ആർക്ക സ്‌പോര്ട്‌സ് മാനേജ്‌മെന്റ് ലിമിറ്റഡാണ് ധോണിയുമായി കരാറിലേർപ്പെട്ടിരുന്നത്. 2017 ലാണ് ആർക്ക സ്‌പോര്ട്‌സ് മാനേജ്‌മെന്റ് ലിമിറ്റഡുമായി ധോണി കരാറിലേർപ്പെട്ടത്. കരാറിലെ വ്യവസ്ഥകൾ ഇവർ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2021 ൽ കരാർ റദ്ദാക്കിയത്.