ചേലക്കര: തെരഞ്ഞെടുപ്പ് ദിനത്തിൽ ആത്മവിശ്വാസത്തോടെ ചേലക്കര ബിജെപി സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ. ബിജെപിക്ക് അനുകൂലമായ മാറ്റം വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ 600-ഓളം കുടുംബങ്ങൾ അടുത്തിടെ ബിജെപിക്കൊപ്പം ചേർന്നവരാണ്. മെമ്പർഷിപ്പ് ക്യാമ്പെയ്നിലൂടെ നിരവധി പേരാണ് ബിജെപിയിൽ ചേർന്നത്.
ചേലക്കരയിലെ മാറ്റമാണിത്. ഇത്തവണ ചേലക്കര ബിജെപിക്കൊപ്പമായിരിക്കും. പോളിംഗ് ശതമാനവും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന വികസനം തന്നെയാണ് ഇവിടുത്തെ പ്രശ്നം. ഭരണവിരുദ്ധ വികാരം ബിജെപിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
രാവിലെ ഏഴിന് ആരംഭിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം വോട്ടെടുപ്പ് നീളുകയാണ്. പോളിംഗ് ബൂത്തിൽ രാവിലെ തന്നെ ബാലകൃഷ്ണൻ വോട്ട് ചെയ്യാനെത്തിയെങ്കിലും സാങ്കേതിക പ്രശ്നം നേരിടുകയായിരുന്നു. അതിരാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. പ്രതീക്ഷ കൈവിടാതെയാണ് മൂന്ന് മുന്നണികളും മത്സരരംഗത്തുള്ളത്.
എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്ക് ജയിച്ചതിന് പിന്നാലെയാണ് ചേലക്കര പുതിയ എംഎൽഎയെ തെരഞ്ഞെടുക്കുന്നത്. മണ്ഡലത്തിൽ ആറ് പേരാണ് മത്സരരംഗത്തുള്ളത്. 2.13 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 180 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ സജ്ജമാക്കിയിട്ടുള്ളത്. 2.13 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിൽ വിധിയെഴുതുന്നത്.